അരൂര്‍ മേഖലയില്‍ മയക്കുമരുന്ന് ലോബി സജീവം

അരൂര്‍: അലപ്പുഴ ജില്ലയുടെ വടക്കന്‍ മേഖല മയക്കുമരുന്ന്  ലോബിയുടെ  പിടിയില്‍. കുത്തിയതോട് സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന അരൂര്‍, അരൂക്കുറ്റി, ചന്തിരൂര്‍, എഴുപുന്ന, ചമ്മനാട് ,കരുമാഞ്ചേരി പ്രദേശങ്ങള്‍ കഞ്ചാവ് ,മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പിടിയിലാണ്.ഈ പ്രദേശങ്ങള്‍ കൂടുതലും അരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്.
പോലിസ് നിഷ്‌ക്രിയരാകുന്നതാണ് ഇവിടെ മയക്കുമരുന്ന് ലോബി സജീവമാകാന്‍ കാരണമെന്ന് പരാതിയുണ്ട്. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് പോലിസിന്റെ സജീവ ഇടപെടല്‍ കൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും അത് കച്ചവടം നടത്തുന്നവരേയും തടയുന്നതിന് കഴിഞ്ഞിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നിയന്ത്രണത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഒരു പറ്റം പോലിസ് ഉദ്യോഗസ്ഥരുടേയും സ്ഥലം എസ്‌ഐയുടെയും ശ്രമഫലമായാണ് മയക്കുമരുന്ന് ലോബിയെ തുടച്ചു നീക്കാന്‍ സാധിച്ചത്.
എന്നാല്‍ പിന്നീട് വന്ന പോലിസ് ഉദ്യോഗസ്ഥര്‍ അതിന്റെ തുടര്‍ നടപടി സ്വീകരിക്കാതിരുന്നത് മൂലം മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വ്യാപകമായി. കഴിഞ്ഞ ദിവസം അരൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കെല്‍ട്രോണിനു സമീപം കുളിക്കണ പറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്കു കുടിവെള്ളം കടന്നു  പോകുന്ന 20 മീറ്റര്‍ ജിഐ പൈപ്പ് രാത്രിയില്‍ സാമൂഹ്യ ദ്രോഹികള്‍ വലിച്ചു പറിച്ചിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരെ കെല്‍ട്രോണ്‍ റോഡ് റസിസന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലിസ് പെട്രോളിങ് ശക്തമാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top