അരൂര്‍ മലയാടപൊയിലില്‍ മുപ്ലി വണ്ടുകളുടെ ശല്യം: നാല് കുടുംബങ്ങള്‍ ദുരിതത്തില്‍നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂര്‍ മലയാടപൊയിലില്‍ മുപ്ലി വണ്ടുകള്‍ വീട് കൈയ്യേറിയത് നാലോളം കുടുംബത്തെ ദുരിതത്തിലാഴ്ത്തി. ഒരു കുടുംബം വീടൊഴിഞ്ഞു. മലയാടപൊയിലിലെ മൊട്ടപ്പറമ്പത്ത് കേളപ്പന്‍, തയ്യുള്ളപറമ്പത്ത് മീത്തല്‍ മനോജന്‍, മലയില്‍ ചന്ദ്രന്‍, മൊട്ടേമ്മല്‍ സുകുമാരന്‍ എന്നിവരുടെ വീടുകളിലാണ് മുപ്ലി വണ്ടുകള്‍ അതിക്രമിച്ചെത്തിയത്. പതിനായിരക്കണക്കിന് വണ്ടുകള്‍ രാത്രിയില്‍ വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.  വീട്ടില്‍ വണ്ടുകളുടെ ശല്യം അസഹ്യമായതോടെ മൊട്ടപറമ്പത്ത് കേളപ്പന്റെ കുടുംബം വീടൊഴിയുകയായിരുന്നു. നാല് ദിവസം മുമ്പാണ് വണ്ടുകള്‍ വീട്ടിലെത്തിയത്. ഓലമേഞ്ഞ വീടിന്റെ ഭാഗങ്ങളിലാണ് വണ്ടുകള്‍ താവളമാക്കിയത്. ഇവരുടെ വീടുകള്‍ക്ക് സമീപം റബ്ബര്‍ തോട്ടം ഉണ്ട്. ഇവിടെ നിന്നാണ് വണ്ടുകള്‍ എത്തിയത്. ആദ്യമായാണ് ഇവരുടെ വീടുകളില്‍ ഇത്തരത്തില്‍ വണ്ടുകള്‍ എത്തുന്നത്. ശ്വാസ തടസ്സവും മറ്റും ഉണ്ടായതോടെയാണ് വീടൊഴിയാന്‍ നിര്‍ബ്ബന്ധിതരായത്. കഴിഞ്ഞ ദിവസം ഇൗ വീടുകളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെത്തി കീടനാശിനി പ്രയോഗിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വാണിമേല്‍ പഞ്ചായത്തിലെ നെടുംപറമ്പ് പായക്കുണ്ടിലെ ഷാജിയുടെ വീട്ടിലും മുപ്ലി വണ്ടുകളെ കണ്ടെത്തിയിരുന്നു. ശല്യം സഹിക്കാനാവാതായതോടെ ഷാജിയും കുടുംബവും ഒരാഴ്ച്ചയോളം വീടൊഴിഞ്ഞിരുന്നു.

RELATED STORIES

Share it
Top