അരൂരില്‍ ഫയര്‍ സ്റ്റേഷനായി 21 തസ്തികകള്‍ അനുവദിച്ചുഅരുര്‍: അരൂരില്‍ ഫയര്‍ സ്റ്റേഷനായി ഇരുപത്തിയൊന്ന് തസ്തികകള്‍ അനുവദിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗ—ത്തിലാണ് തീരുമാനം. ഇതോടെ അരൂരിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാദാര്‍ത്ഥ്യമാകുന്നത്. അരൂര്‍ എംഎല്‍എ എഎം ആരിഫിന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്.ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ ഈ തുക അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപത്തിയൊന്ന് ജീവനക്കാരുടെ തസ്തികകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചത്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ പ്രസാദ്, എഎം ആരിഫ് എംഎല്‍എ, കെട്ടിട നിര്‍മ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മഞ്ജുഷ, അരൂര്‍ ഇന്‍ഡസ്ട്രീസ് എസ്റ്റേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് ജീവന്‍, സെക്രട്ടറി അമര്‍നാഥ് എന്നിവര്‍ പങ്കെടുത്തു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം കെട്ടിടത്തിന്റെ ഇന്‍ഡീരിയല്‍ ജോലികളും മറ്റ് ഫര്‍ണീഷിങ്ങ് ജോലികളും പൂര്‍ത്തീകരിക്കുന്നതിനായി അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സംസ്ഥാനത്ത് ആകമാനം പത്ത് സ്റ്റേഷനുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും അരൂരിനെ ഒഴിവാക്കിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ അനുവദിച്ച പത്തെണ്ണത്തില്‍ ഒരണ്ണം പോലും ആരംഭിക്കുവാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതിനിടെ കെസി വേണുഗോപാലാണ് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചതെന്ന് ചൂണ്ടികാട്ടി അരൂര്‍ മേഖലയില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top