അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ വീണ്ടും അഴിമതിയാരോപണം; ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി മകളെ നിയമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ പുതിയ പരാതി. ഹോക്കി ഇന്ത്യയിലും ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്നാണ് ആരോപണം. ജെയ്റ്റ്‌ലിയുടെ പക്ഷപാതപരമായ നീക്കങ്ങള്‍ വിശദീകരിച്ച് ഹോക്കി ഇന്ത്യ ഫെഡറേഷന്‍ മുന്‍ മേധാവി കെ പി എസ് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു പരാതി നല്‍കി.
ഹോക്കി ഇന്ത്യയില്‍ വ്യാപകമാവുന്ന ക്രമവിരുദ്ധ നടപടികള്‍ സംബന്ധിച്ചും പരാതിയില്‍ പറയുന്നുണ്ട്. ഹോക്കി ഇന്ത്യ ഫെഡറേഷന്റെ ഉപദേശക ബോര്‍ഡ് അംഗമായ ജെയ്റ്റ്‌ലി, മകള്‍ സോനാലിയെ ഹോക്കി ഇന്ത്യയുടെ നിയമസമിതിയില്‍ നിയമിക്കുകയും വന്‍ തുക പ്രതിഫലമായി നല്‍കുകയും ചെയ്തുവെന്നാണ് ഗില്ലിന്റെ പ്രധാന ആരോപണം. പരിശീലന ക്യാംപില്‍ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഭക്ഷണം ആവശ്യപ്പെട്ട കളിക്കാരനെ സസ്‌പെന്റ് ചെയ്തു. നടപടി കോടതി റദ്ദാക്കിയെങ്കിലും പിന്നീട് കളിക്കാരനു ടീമില്‍ ഇടം നല്‍കിയില്ല.
ഹോക്കി ഇന്ത്യയില്‍ രൂപീകരിച്ച വിവിധ സമിതികളുടെയും ഓഫിസ് ഭാരവാഹികളുടെയും പട്ടിക ഡല്‍ഹി മുഖ്യമന്ത്രി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. വ്യാപകമാവുന്ന ഫണ്ട് ദുരുപയോഗം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം. ജെയ്റ്റ്‌ലി കേന്ദ്രമന്ത്രിപദം രാജിവയ്ക്കുകയോ ഹോക്കി ഇന്ത്യയുടെ ഉപദേശക സമിതി അംഗത്വം ഒഴിയുകയോ വേണമെന്നും ഗില്‍ ആവശ്യപ്പെട്ടു.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആം ആദ്മി സര്‍ക്കാര്‍ അറിയിച്ചു. ധനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ സ്വാധീനം ഉപയോഗിച്ച് അനര്‍ഹമായത് നേടിയെന്നാണ് ഗില്ലിന്റെ പരാതിയില്‍ തെളിയുന്നതെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

RELATED STORIES

Share it
Top