അരുണാചല്‍: ആറു ജില്ലകളില്‍ അഫ്‌സ്പ ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി: സുരക്ഷാ സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പാ നിയമം അരുണാചല്‍ പ്രദേശില്‍ തുടരും. അരുണാചല്‍ പ്രദേശില്‍ മൂന്നു ജില്ലകളിലും അസം അതിര്‍ത്തിയിലെ എട്ടു പോലിസ് സ്‌റ്റേഷന്‍ പ്രദേശങ്ങൡും അടുത്ത ആറുമാസത്തേക്ക് അഫ്‌സ്പാ ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. അരുണാചല്‍ പ്രദേശിലെ തിറാപ്, ചംഗ് ലാംഗ്, ലോങ്ഡിങ്, അസം അതിര്‍ത്തിയിലെ എട്ടു പോലിസ് സ്‌റ്റേഷന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നബാധിത പ്രദേശങ്ങളെന്ന് കണക്കാക്കി സായുധസേന പ്രത്യേകാധികാര നിയമം ദീര്‍ഘിപ്പിച്ചത്. ഈ നിയമപ്രകാരം പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയ്ക്ക് പ്രത്യേകാധികാരം ഉപയോഗിക്കുന്നതു വഴി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും കഴിയും. അരുണാചല്‍ പ്രദേശിലെ 11 പോലിസ് സ്‌റ്റേഷനുകള്‍ അസമുമായി അതിര്‍ത്തി പങ്കിടുന്നതാണ്.
1958ലെ അഫ്‌സ്പാ നിയമപ്രകാരം ഈ പ്രദേശങ്ങള്‍ പ്രശ്‌നബാധിത മേഖലകളാണ്. ഏപ്രില്‍ ഒന്ന് വരെയാണ് ഈ നിയമം ബാധകമായിരുന്നത്. അതാണ് സപ്തംബര്‍ 30 വരെ ആഭ്യന്തര മന്ത്രാലയം നീട്ടിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി അരുണാചലില്‍ അഫ്‌സ്പ നടപ്പാക്കിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താക്കള്‍ പറഞ്ഞു.
എന്‍എസ്‌സിഎന്‍, യുഎല്‍എഫ്എ, എന്‍ഡിഎഫ്ബി തുടങ്ങിയ സായുധ സംഘങ്ങളുടെ സാന്നിധ്യവും അഫ്‌സ്പാ ദീര്‍ഘിപ്പിക്കാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top