അരുംകൊല ചെയ്തത് മാഹിയിലെ ജനകീയ നേതാവിനെ

മാഹി: ആര്‍എസ്എസ് സംഘത്തിന്റെ വെട്ടേറ്റു മരിച്ച സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബു മാഹിയിലെ ജനകീയ രാഷ്ട്രീയ നേതാവ്. പള്ളൂര്‍, മാഹി മേഖലയില്‍ നിറപുഞ്ചിരിയുമായി ജനങ്ങളുമായി ഇടപഴകിയിരുന്നു അദ്ദേഹം.
ബൈപാസ് വിരുദ്ധ സമരസമിതി കണ്‍വീനറായിരിക്കെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനും അക്ഷീണം പ്രയത്‌നിച്ചു. മാഹി ബൈപാസിനായി പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുത്തപ്പോള്‍ ആദ്യഘട്ടത്തില്‍ കുറഞ്ഞ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരേ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍
മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്തു.
11ാം വാര്‍ഡ് പള്ളൂരിലെ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപാസ് നഷ്ടപരിഹാരത്തുക നേടിക്കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ ദ്ദേഹത്തിന്റെ ജനകീയത പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരുവര്‍ഷം മുമ്പ് വീടിനടുത്ത് പതിയിരുന്ന് ബാബുവിനെ വക വരുത്താന്‍ അക്രമികള്‍ ശ്രമിക്കുകയുണ്ടായി. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, മാഹി ബൈപാസ് കര്‍മസമിതി കണ്‍വീനര്‍, ശ്രീനാരായണ ഹൈസ്‌കൂള്‍ പിടിഎ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

RELATED STORIES

Share it
Top