അരീക്കോട് മേഖലയില്‍ ലഹരി മാഫിയ സജീവം

അരീക്കോട്: അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കിഴുപറമ്പ് പ്രദേശങ്ങളില്‍ ലഹരി മാഫിയ വീണ്ടും ചുവടുറപ്പിച്ചു തുടങ്ങിയതായി സൂചന. മുമ്പ് പിടിക്കപ്പെട്ട ലഹരി മാഫിയാ സംഘങ്ങള്‍ വീണ്ടും സജീവമായതാണ് വിവരം. കഴിഞ്ഞ ദിവസം മുക്കം പോലിസ് പിടികൂടിയ ഊര്‍ങ്ങാട്ടിരി കല്ലരിട്ടക്കല്‍ സ്വദേശി തിരുത്തി പറമ്പന്‍ ബഷീര്‍ നിരവധി തവണ പിടിക്കപ്പെട്ടിട്ടും കഞ്ചാവ് വില്‍പ്പന തുടരുന്നത് സമീപപ്രദേശങ്ങളിലെ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ലഹരി വില്‍പനയ്ക്കിടെ പിടികൂടിയതിന് നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. പിടിക്കപ്പെടുന്ന സമയത്ത് പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രീതിയാണ് ഇയാളുടേത്.
കല്ലരിട്ടക്കല്‍ സ്വദേശി ബഷീറിന്റെ വീടിനു സമീപം ഉള്‍പെടെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ഥികളെ കേന്ദ്രികരിച്ചാണ് ലഹരി സംഘം പ്രവര്‍ത്തിക്കുന്നത്. പണവും ബൈക്കും നല്‍കി വിദ്യാര്‍ഥികളെ വശത്താക്കുന്ന രീതിയാണിവര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ഥിനിയില്‍നിന്ന് ഒന്നേക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കല്ലരട്ടിക്കല്‍ സ്വദേശി ബഷീറിന്റെ കഞ്ചാവായിരുന്നു വിദ്യാര്‍ഥിനിയില്‍നിന്ന് പോലിസ് പിടികൂടിയത്. വിദ്യാര്‍ഥികളെ കരിയര്‍മാരാക്കിയാല്‍ പോലിസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാമെന്നതാണ് ഇവരുടെ രീതി. മുമ്പ് പിടിക്കപ്പെട്ട പലരും വീണ്ടും സജീവമായത് പോലിസിന് തലവേദനയുണ്ടാക്കുന്നു.
ലഹരി വില്‍പന അരീക്കോട് കേന്ദ്രീകരിച്ച് നടത്തിയിരുന്നത് കഴിഞ്ഞ മാസം സ്ഥലം മാറിപ്പോയ എസ്‌ഐ സിനോദിന്റെ നേതൃത്വത്തില്‍ കര്‍ശനമായി നേരിട്ടിരുന്നു. ഇദ്ദേഹത്തിന്റെ നിരന്തരമായ ശ്രമഫലമായി നിരവധി സംഘങ്ങളെയാണ് പിടികൂടിയത്.
എസ്‌ഐ സിനോദ് സ്ഥലം മാറി പോയതോടെ ലഹരി സംഘം വീണ്ടും വ്യാപകമായതാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ അടുത്തിടെ വ്യാജമദ്യ വില്‍പനയും വ്യാപകമാണ്. കോളനി മേഖലകളെ കേന്ദ്രീകരിച്ചാണ് വില്‍പന സജീവം. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നതും പെട്ടെന്ന് ലഹരിയിലാവാനുമുള്ള പ്രത്യേക ചേരുവ മദ്യത്തില്‍ ചേര്‍ത്ത് നല്‍കുന്നതായാണ് വിവരം. ഇത് ഉപയോഗിക്കുന്നവര്‍ വീണ്ടും വില്‍പനക്കാരെ സമീപ്പിക്കുന്നതാണ് വില്‍പന കൂടാന്‍ കാരണമെന്ന് പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന കുറഞ്ഞതു കാരണം ചിലയിടങ്ങളില്‍ പരസ്യമായി വില്‍പനയാരംഭിച്ചിട്ടുണ്ട്.
ലഹരി സംഘങ്ങളുടെ അതിക്ഷേപവും അക്രമവും ഭയന്നാണ് പലരും പരാതിപ്പെടാതിരിക്കുന്നത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലിസ് മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top