അരീക്കോട് ബസ് സ്റ്റാന്റിലെ ശൗചാലയം തുറക്കാന്‍ നടപടിയില്ല

അരീക്കോട്: ബസ് സ്റ്റാന്റിലെ ശൗചാലയം പൂട്ടിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കഴിഞ്ഞ ഒരുമാസമായി അരീക്കോട് ബസ്സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടശേഷം ബദല്‍ സംവിധാനം ഒരുക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്തുന്ന അരീക്കോട് ബസ്സ്റ്റാന്റില്‍ ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്.
യാത്രക്കാര്‍ നിരന്തരമായി പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുന്നതില്‍ ബസ്സ്റ്റാന്റിലെ ചുമട്ട് തൊഴിലാളികളടക്കമുള്ളവര്‍ പരാതി ഉന്നയിച്ചുതുടങ്ങി. ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ ഹോട്ടലുകളില്‍ പോലും ശൗചാലയം ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളായ ഹോട്ടല്‍, വസ്ത്രാലയങ്ങള്‍, ക്ലിനിക്കുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ശൗചാലയങ്ങള്‍ വേണമെന്നാണ് നിയമമെങ്കിലും അരീക്കോട് പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ നിയമം അവഗണിക്കുകയാണ്.
സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇത്തരം വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തതുകൊണ്ടാണ് ഇവിടങ്ങളില്‍ എത്തുന്നവര്‍ ഏറെ കഷ്ടപ്പെടുന്നത്.
സേവനങ്ങള്‍ക്കായി പൊതുയിടങ്ങളില്‍ ശൗചാലയം ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഷീ ടോയിലറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാവാത്തത് സത്രീകളോടുള്ള വിവേചനമായി യാത്രക്കാരടക്കമുള്ളവര്‍ പരാതിപ്പെട്ടുകൊണ്ടിരിക്കെയാണ് നിലവിലുള്ള ശൗചാലയം അടച്ചുപൂട്ടിയത്.
പ്രതിദിനം രണ്ടായിരത്തിലേറെ ആളുകള്‍ ശൗചാലയം ഉപയോഗിച്ചിരുന്നു.
വൃത്തിഹീനമായതും ഇടുങ്ങിയ സൗകര്യവുമുള്ള ശൗചാലയത്തില്‍ സ്ത്രീകള്‍ക്കുവേണ്ട സുരക്ഷാ സൗകര്യം ഇല്ലാത്തതും ഏറെ വിമര്‍ശനം ഉണ്ടാക്കാറുണ്ട്.
ശൗചാലയം അടച്ചുപൂട്ടിയ ശേഷം പഞ്ചായത്ത് ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ശൗചാലയത്തിലെ മാലിന്യങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ തള്ളാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.
പൊതുസ്ഥലങ്ങളില്‍ ശൗചാലയം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവ് നിലനില്‍ക്കേ നിലവിലെ പൊതു ശൗചാലയം അടച്ചുപൂട്ടിയ ഭരണസമിതിയുടെ നടപടികള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് അരീക്കോട് റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top