അരീക്കോട് നഗരത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന

അരീക്കോട്: ചാലിയാര്‍ പുഴയില്‍ ജല മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അരീക്കോട് പ്രധാന ടൗണിലെ കടകളിലും ഹോട്ടലുകളിലും പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം ഓവുചാലുകളിലേക്കാണ് തുറന്നിട്ടിരിക്കുന്നത്.
ഇവിടങ്ങളിലെ സ്ലാബുകള്‍ പൊളിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ടൗണിലെ മാലിന്യം അഴുക്കുചാല്‍ വഴി ചാലിയാറിലേക്ക് തള്ളുന്നുണ്ട്. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കൊന്നിനും മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ സമ്മതപത്രത്തോടെയാണ് പഞ്ചായത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുകയുള്ളുവെന്നാണ് നിര്‍ദേശം. എന്നാല്‍, ഒരിടത്തും ഈ നിയമം പാലിക്കപ്പെടാത്തതുകാരണം മുഴുവന്‍ മാലിന്യവും ചാലിയാറിലേക്ക് തള്ളുകയാണ്.
സ്ഥാപനങ്ങളുടെ മാലിന്യക്കുഴി പരിശോധന വിധേയമാക്കിയെങ്കിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമ നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം സംസ്‌കരിച്ച ശേഷം ചാലിയാറിലേക്ക് തള്ളുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സൂചിപിച്ചിരുന്നത്.
എന്നാല്‍, സംസ്‌കരണ പദ്ധതി തുടക്കം കുറിക്കാന്‍ അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല.
ഭരണസമിതിയുടെ വീഴ്ചയ്‌ക്കെതിരേ ജനകീയ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്റിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടേണ്ട സാഹചര്യമാണ്. ഇത് വിവിധ ഭാഗങ്ങളിലേക്കുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് ബസ്സ്റ്റാന്റിലെ തൊഴിലാളികള്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും സമീപത്തുള്ള ആരാധനാലയങ്ങള്‍ക്കും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.

RELATED STORIES

Share it
Top