അരിവാള്‍ രോഗം: നിലമ്പൂര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

നിലമ്പൂര്‍: ജില്ലയില്‍ കണ്ടുവരുന്ന അരിവാള്‍ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടി ഊര്‍ജ്ജിതമാക്കി. ആരോഗ്യവകുപ്പിന്റെ  നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണ പരിശീലനം നല്‍കി. ഇന്ന് നിലമ്പൂര്‍ ഐഎംഎ ഹാളില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. ചുങ്കത്തറ ബ്ലോക്ക് ആരോഗ്യകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണു പരിശീലനം. കോഴിക്കോട് മെഡിക്കല്‍കോളജ് പാത്തോളജി വിഭാഗത്തില്‍ നിന്നും ലാബ് ടെക്‌നീഷ്യന്‍ മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നേരത്തെ പരിശീലനം നല്‍കിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയാഗിച്ചാണ് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയത്. പത്ത് ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വയനാട് കഴിഞ്ഞാല്‍ കൂടുതല്‍ അരിവാള്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. ആദിവാസി മേഖലയായ നിലമ്പൂരിലാണ് ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത്. 40 അരിവാള്‍ രോഗികളാണ് മേഖലയില്‍ ചികിത്സയിലുള്ളത്. ചുങ്കത്തറ-4,മുത്തേടം-5, കരുളായി-3, അമരമ്പലം-3, പോത്തുകല്ല്-5, നിലമ്പൂര്‍ -4, ചാലിയാര്‍-4,വഴിക്കടവ്-6, എടക്കര-2 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം. ആദിവാസികളിലാണ് രോഗവാഹകര്‍ കൂടുതലുള്ളത്.

RELATED STORIES

Share it
Top