അരിയില്‍ ഷുക്കൂര്‍ വധം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് സിബിഐ

ന്യൂഡല്‍ഹി: സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം തടെഞ്ഞന്ന് ആരോപിച്ച് “പാര്‍ട്ടി കോടതി’ മണിക്കൂറുകളോളം തടങ്കലില്‍ വച്ചു വിചാരണ ചെയ്ത് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നു സിബിഐ സുപ്രിംകോടതിയെ അറിയിച്ചു.
കേസില്‍ ആരോപണവിധേയരും സിപിഎം നേതാക്കളുമായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ക്കെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്നും സംഭവത്തില്‍ കേരളാ പോലിസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയും അന്വേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ക്കെതിരേ ശക്തവും നിഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണഘട്ടത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ പോലിസിന്റെ കൈവശമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും സിബിഐ അറിയിച്ചു.
കേസ് സിബിഐ അന്വേഷിക്കുന്നത് ചോദ്യംചെയ്ത് കേസില്‍ ആരോപണവിധേയനായ പി ജയരാജന്‍, മുഖ്യപ്രതി പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ച് മുമ്പാകെയുള്ളത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ സിബിഐ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപോര്‍ട്ടിലെ വിവരങ്ങള്‍ കോടതി പുറത്തുവിട്ടിരുന്നില്ല. ഈ റിപോര്‍ട്ടിലെ ഉള്ളടക്കമാണ് ഇന്നലെ പുറത്തുവന്നത്. കേസില്‍ സപ്തംബര്‍ 19നു വീണ്ടും വാദം കേള്‍ക്കും. അതിനു മുമ്പായി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.
2012 ഫെബ്രുവരി 20നാണ് 21കാരനായ അരിയില്‍ ഷുക്കൂറിനെ സിപിഎം ക്രിമിനലുകള്‍ മണിക്കൂറുകളോളം അനധികൃതമായി തടങ്കലില്‍ വച്ച് “പാര്‍ട്ടി വിചാരണ നടത്തി’ വധശിക്ഷ നടപ്പാക്കിയത്.

RELATED STORIES

Share it
Top