അരിപ്പാലത്തെ വൈദ്യുതി ഓഫിസ് പൂട്ടി

അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന വൈദ്യുതി ഓഫിസ് പൂട്ടി. ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്റെ കീഴിലുണ്ടായിരുന്ന കെഎസ്ഇബി കളക്ഷന്‍ സെന്ററാണ് അധികൃതര്‍ പൂട്ടിയത്. മൂന്നുദശാബ്ദത്തോളം പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങള്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങള്‍ക്കും സമീപിച്ചിരുന്നത് അരിപ്പാലത്തെ ഈ ഓഫിസിനെയായിരുന്നു.
നേരത്തെ പഞ്ചായത്തുപാര്‍ക്കിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അത് അരിപ്പാലം സെന്ററിലെ പോസ്‌റ്റോഫിസിനു മുകളിലേക്ക് മാറ്റി. ആദ്യകാലത്ത് ഓവര്‍സിയറും ലൈന്‍മാന്മാരുമൊക്കെയായി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് 2012ലാണ് കെഎസ്ഇബി കളക്ഷന്‍ സെന്ററാക്കി ഒതുക്കിയത്.
മറ്റു പഞ്ചായത്തുകളില്‍നിന്ന് വൈദ്യുതി ഓഫിസുകള്‍ കെഎസ്ഇബി പിന്‍വലിച്ചതിനൊപ്പംതന്നെ അരിപ്പാലത്തുനിന്ന് ഓഫിസ് മാറ്റാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്ലടയ്ക്കാനുള്ള കളക്ഷന്‍ സെന്ററാക്കി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ കളക്ഷന്‍ സെന്ററിലെ കാഷ്യര്‍ മാറിയതോടെ പുതിയ ആളെ നിയമിക്കാന്‍ വൈദ്യുതിവകുപ്പ് തയ്യാറായില്ല. ഓണ്‍ലൈനില്‍ ബില്ലടയ്ക്കാന്‍ സൗകര്യമായതോടെ കുറച്ചുപേര്‍ മാത്രമാണ് ഓഫിസിലെത്തി പണമടയ്ക്കുന്നത്.
അതിനാല്‍ വൈദ്യുതിബില്ലടയ്ക്കാന്‍ മാത്രമായി ഒരു ഓഫിസിന്റെ ആവശ്യമില്ലെന്നായിരുന്നു വൈദ്യുതിവകുപ്പിന്റെ നിലപാട്. അതോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബോര്‍ഡുകളും ഫര്‍ണിച്ചറുമടക്കമുള്ള എല്ലാ സാധനങ്ങളും അരിപ്പാലത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് മാറ്റി ഓഫിസ് പൂട്ടുകയായിരുന്നു.

RELATED STORIES

Share it
Top