അരികുപുറം പാടശേഖരത്തില്‍ മാലിന്യം തള്ളുന്നു

മാന്നാര്‍: പരുമല അരികുപുറം പാടശേഖരം മാലിന്യങ്ങളുടെ കൂമ്പാരമാകുന്നു. വര്‍ഷങ്ങളായി തരിശ് കിടക്കുന്ന ഈ പാടശേഖരം ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുവാനായിട്ടാണ് എല്ലാവരും ഉപയോഗിക്കുന്നത്.പമ്പാ നദിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പാടശേഖരത്തിലേക്കെത്തുന്ന മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് നദയിലേക്കാണ്.അതിനാല്‍ തന്നെ തീരദേശവാസികള്‍ വിവിധ രോഗ ഭീഷണിയിലാണ്. തരിശായി കിടക്കുന്നതിനാലും ഈ ഭാഗങ്ങളില്‍ വലിയ ആള്‍ത്തിരക്ക് ഇല്ലാത്തതിനാലും വാഹനങ്ങളിലും മറ്റും രാത്രി എത്തി മാലിന്യങ്ങള്‍ തള്ളുവാന്‍ എളുപ്പമാണ്.
പരുമല പള്ളിയിലേക്കുള്ള റോഡിന്റെ വശത്താണ് ഈ പാടശേഖരം. വെള്ളയാഴ്ച ദിവസങ്ങളില്‍ റോഡ് വക്കത്ത് പച്ചക്കറി കച്ചവടം നടത്തുന്നവരും മാലിന്യങ്ങള്‍ ഇവിടെ തള്ളിയിട്ടാണ് പോകുന്നത്. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കോഴിക്കടകളിലേയും പച്ചക്കറികടകളിലേയും അവശിഷ്ങ്ങള്‍ ഇവിടെയാണ് കുറെ കാലമായി തള്ളുന്നത്. രാവിലെ നടക്കാനായി പോകുന്നവരും വീട്ടിലെ മാലിന്യങ്ങള്‍ ഇവിടേക്കാണ് എറിയുന്നത്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഇതില്‍ കുറെ ഒഴുകി നദികളില്‍ പതിച്ചിരുന്നു. എന്നാല്‍ വീണ്ടും മാലിന്യ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. റോഡുകളില്‍ നിന്നുള്ള ഓടകളും ഇവിടേക്കാണ് കൊടുത്തിരിക്കുന്നത്. ഈ പാടശേഖരം കൃഷിയോഗ്യമാക്കിയാല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒരു പരിധി വരെ ഒഴിവാക്കുവാന്‍ കഴിയും.

RELATED STORIES

Share it
Top