അരലക്ഷം പട്ടയങ്ങളുടെ വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവും: മന്ത്രി

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അമ്പതിനായിരമാവുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. എറണാകുളം ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പട്ടയവിതരണ മേള ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35,000 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 15,000 പട്ടയങ്ങള്‍ കൂടി ഉടനെ വിതരണം ചെയ്യാനുള്ള നടപടികള്‍ വിവിധ ജില്ലകളില്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ഉടമാവകാശമോ കൈവശാവകാശ രേഖയോ ഇല്ലാത്ത ദുഃസ്ഥിതി പരിഹരിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. പുഴ, കായല്‍ പുറമ്പോക്കുകളില്‍ കൂര കെട്ടി വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും പട്ടയം ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സുപ്രിംകോടതിയുടെ ഉത്തരവ് അടക്കമുള്ള നിയമപ്രശ്‌നങ്ങള്‍ ഇക്കാര്യത്തിലുണ്ട്. എങ്കിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് സാധ്യമായതെല്ലാം ഇക്കാര്യത്തില്‍ ചെയ്യും. കേരളത്തിലെ 1957 മുതല്‍ 70 വരെയുള്ള കാലയളവില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമമാണ് സംസ്ഥാനത്ത് സാര്‍വത്രികമായ ഭൂ ഉടമാവകാശം സാധ്യമാക്കിയത്. അതിന്റെ തുടര്‍ച്ചയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ പക്ഷത്തു നിന്ന് മനസ്സിലാക്കി തീരുമാനമെടുക്കണമെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. എല്ലാ ജില്ലകളിലും ആറു മാസത്തിലൊരിക്കല്‍ പട്ടയമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top