അരയിടത്ത്പാലം ഞാറ്റുവേല കാര്‍ഷികമേള തുടങ്ങി

കോഴിക്കോട്: ഞാറ്റുവേല കാര്‍ഷികമേള അരയിടത്ത്പാലം തെക്കാട്ട്ഗ്രൗണ്ടില്‍ തുടങ്ങി.   മലയോര വനിതാ കര്‍ഷക കൂട്ടായ്മയും മലബാര്‍ അഗ്രി ഫഌവര്‍ ഫാര്‍മേഴ്സ് സൊസൈറ്റിയും  സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന വിത്തും തൈകളുമാണ് വില്‍പനയിലുള്ളത്.   മലേഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ നിന്നുള്ള അത്യുല്‍പാദന ശേഷിയുള്ള ഫലവൃക്ഷങ്ങള്‍ മേളയുടെ പ്രത്യേകതയാണ്.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, റിംഗ് കമ്പോസ്റ്റ് നിര്‍മാണം, പച്ചക്കറി കൃഷിക്കാവശ്യമായ കര്‍ഷക ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  30രൂപമുതല്‍ 8000 രൂപവരെയാണ് ഫലവൃക്ഷങ്ങളുടെ വില.  സണ്ണങ്കി ഹൈബ്രിഡ്, മലേഷ്യന്‍ കുള്ളന്‍ എന്നീ തെങ്ങ് ഇനങ്ങളും കാസര്‍കോട് കുള്ളന്‍,, മോഹിത് നഗര്‍ കവുങ്ങുകളും മേളയുടെ പ്രത്യേകതയാണ്. കുരുമുളക് ഇനങ്ങളില്‍ തെക്കന്‍, കരിമുണ്ട, പന്നിയൂര്‍, മാവിന്‍തൈകളിലെ വൈവിധ്യങ്ങളായ നീലന്‍, കേസരി,പൂനാസ്, ടോട്ടാപുരി, ജഹാംഗീര്‍, അല്‍ഫോണ്‍സ എന്നിവയും വില്‍പനയിലുണ്ട്.
മലേഷ്യന്‍ റംബൂട്ടാന്‍, പുലാസാന്‍, മില്‍ക്ക് ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, ഡ്രാഗണ്‍ഫ്രൂട്ട്, തേന്‍വരിക്കപ്ലാവ്, നോനിഫ്രൂട്ട്, പാഷന്‍ഫ്രൂട്ട്, പിസ്ത, വാനില, ലിച്ചി, ഗ്രാമ്പു, തേക്ക്, പേരാല്‍, അരയാല്‍, മഹാഗണി തുടങ്ങി നിരവധി തൈകളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്.
പത്രപ്രവര്‍ത്തക യൂണിയന്‍  സംസ്ഥാന പ്രസിഡന്റ് കാമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീകല, കെ മുഹമ്മദ് റാഫി, വി ഷീജ, അര്‍ച്ചന, എം കെ പ്രവീണ്‍ സംബന്ധിച്ചു. രാവിലെ 10.30മുതല്‍ വൈകീട്ട് 6.30വരെയുള്ള മേള ഈമാസം 31ന് സമാപിക്കും.

RELATED STORIES

Share it
Top