അരയന്‍മല മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തില്‍ നിലംപൊത്തുന്നു

തലയോലപ്പറമ്പ്: വിശ്വാസങ്ങള്‍ നിറകൊണ്ടിരുന്ന അരയന്‍മലയും മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തില്‍ നിലംപൊത്തുന്നു. പൊതി തൃക്കരായിക്കുളം ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ളതായിരുന്നു അരയന്‍മല. ഈ മലയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയ്ക്കു ലഭിച്ച വിഗ്രഹമാണ് തൃക്കരായിക്കുളം ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
ക്ഷേത്ര ദേവസ്വത്തിന്റെ ഉടമസ്ഥതയിലായിരുന്ന 15 ഏക്കറോളം വരുന്ന മല ഭൂമാഫിയ വിലയ്ക്കു വാങ്ങി. ആരംഭത്തില്‍ മലയെ നിലനിര്‍ത്തുന്ന പൊടിക്കൈകളെല്ലാം ഇവര്‍ നടത്തി. എന്നാല്‍ പിന്നീട് ജെസിബി ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മല നിലംപതിക്കാന്‍ തുടങ്ങി. ആരംഭത്തില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മാഫിയ ഒതുക്കി. ഉത്തരവാദിത്വപ്പെട്ടവരെല്ലാം വിഷയത്തില്‍ മൗനം പാലിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ പിന്തുണയും ഇവര്‍ക്ക് അനുകൂലമായി. മലയുടെ പരിസരങ്ങളിലായി താമസിക്കുന്ന 50ഓളം വരുന്ന കുടുംബങ്ങള്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല മണ്ണെടുപ്പ്. കാരണം ഇവിടെ താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളും വര്‍ഷങ്ങള്‍ക്കു മുമ്പ് ദൂരസ്ഥലങ്ങളില്‍ നിന്നു വന്ന് ഇവിടെ സ്ഥലം വാങ്ങി താമസിക്കുന്നവരാണ്.
ഒരു ഘട്ടത്തില്‍ മണ്ണെടുപ്പിലൂടെ ലക്ഷങ്ങള്‍ ലാഭം കൊയ്യുന്ന മാഫിയ അടുത്ത ഘട്ടം മറ്റൊരു ഗ്രൂപ്പിന് കൈമാറുന്നു. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി ആരാണെന്ന് അറിയാതിരിക്കാനുള്ള രഹസ്യ നീക്കമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. മണ്ണെടുപ്പ് രൂക്ഷമായതോടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഭൂരിഭാഗം വീടുകളിലേയും കിണറുകള്‍ വറ്റിവരളാന്‍ തുടങ്ങി. കിണറുകളിലെ വെള്ളം മോശമാകുന്നതിനും മണ്ണെടുപ്പ് ഇടയാക്കി.
മണ്ണെടുപ്പിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഗ്രാമീണ റോഡ് പൂര്‍ണമായി തകര്‍ന്നു. തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ നിരോധന ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. ചേര്‍ത്തല, ആലപ്പുഴ മേഖലകളിലെ ഏക്കറുകണക്കിന് പാടശേഖരങ്ങള്‍ നികത്താന്‍ ഇപ്പോള്‍ മണ്ണ് മാഫിയ നേരിട്ട് കരാര്‍ ഏറ്റെടുക്കുകയാണ്. ഇതിനു ശേഷമാണ് മണ്ണെടുപ്പ് ഇത്രയും രൂക്ഷമായത്. മിക്ക സ്ഥലങ്ങളിലും മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും ഈ സമയം സര്‍ക്കാര്‍ ഉത്തരവു കാട്ടി ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുകയാണ്.

RELATED STORIES

Share it
Top