അരനൂറ്റാണ്ട് കാലം അക്ഷരങ്ങള്‍ മുഴങ്ങിയ ഗ്രാസിം ഹാള്‍ ഇനി ഓര്‍മ

തേഞ്ഞിപ്പലം:  ചേളാരിയിലെ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഏറ്റവും പഴക്കം  ചെന്ന ഗ്രാസിം ഹാള്‍  ഇനി ഓര്‍മയില്‍. അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് സ്‌കൂള്‍ കെട്ടിടത്തിന്. ഗ്രാസിം ഇന്റസ്ട്രീസ് ഉടമ ജെ ഡി ഗ്വാളിയോര്‍ നിര്‍മിച്ചു നല്‍കിയതായിരുന്നു സ്‌കൂള്‍ കെട്ടിടം. സ്‌കൂള്‍ മുമ്പ് ചേളാരിയിലെ പഴയ എയര്‍ പോര്‍ട്ടിന് സമീപമായിരുന്നു നിലനിന്നിരുന്നത്.
പി എം ആലിക്കുട്ടി ഹാജി നല്‍കിയ സ്ഥലത്താണ് ചേളാരിയില്‍ ആദ്യമായി ഈ ഗവ. സ്‌കൂള്‍ നിര്‍മിക്കുന്നത്. എയര്‍സ്ട്രിപ്പ് വികസനത്തിനായി സ്‌കൂള്‍ പിന്നീട് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ക്ലാസ് മുറികളുടെ കുറവ് കാരണം അക്കാലത്ത് പ്രദേശത്തെ പ്രമുഖ നായ അഡ്വ. പി എം മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും സ്‌കൂള്‍ അധ്യാപകരും ചേര്‍ന്ന്  ജി ഡി ബിര്‍ളയെ സമീപിച്ച് നിവേദനം സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഗ്രാസിം ഹാള്‍ എന്ന പേരില്‍ ബിര്‍ള പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച് നല്‍കിയത്.
മാവൂര്‍ ഗ്വാളിയോര്‍ റയോ ണ്‍സ് അടച്ചു പൂട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്‌കൂള്‍ കെട്ടിടം ഗ്രാസിമിന്റ ഓര്‍മകളായി നിലനിന്നിരുന്നു.  മലപ്പുറം ജില്ലയില്‍ ബിര്‍ള നിര്‍മിച്ച് നല്‍കിയ വിദ്യഭ്യാസ സ്ഥാപനത്തിനുള്ള ഏക കെട്ടിടമായിരുന്നു ചേളാരി സ്‌കൂളിന്റേത്.     കഴിഞ്ഞ ദിവസം സ്‌കൂള്‍ കെട്ടിടം ലേലത്തി ല്‍ വിറ്റതനുസരിനാണ് ഗ്രാസിം ഹാള്‍ പൊളിച്ച് നീക്കുന്നത്. പി അബ്ദുല്‍ ഹമീദ് എംഎല്‍എ മുഖേന 3 കോടി 75 ലക്ഷം രൂപ നബാര്‍ഡ് ഫണ്ട് സ്‌കൂളിന് പുതിയ കെട്ടിടത്തിനായി അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു. നേരത്തെ കെ എന്‍ എ ഖാദര്‍ എംഎല്‍എയായിരിക്കെ ആസ്തി ഫണ്ടില്‍ നിന്നും 2.75 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം പണിതിരുന്നു.
പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ 26 ലക്ഷം രൂപയില്‍ പുതിയ കെട്ടിടം പണിതിട്ടുണ്ട്. ഇ അഹമ്മദ് എം പിയായിരിക്കെയും സ്‌കൂളിന് ക്ലാസ് റൂം നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 21. 35 000 രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടുകളും സ്‌കൂളിന്റെ വികസനത്തിന് ചെലവിട്ടിട്ടുണ്ട്. എന്നാല്‍ ദേശീയപാതാ വികസനത്തില്‍ സ്‌കൂളിന്റെ കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ പൊളിച്ച് നീക്കല്‍ ഭീഷണി കൂടി കണക്കിലെടുത്താണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നത്.

RELATED STORIES

Share it
Top