'അരങ്ങ് 2018' കുടുംബശ്രീ കലോല്‍സവം 20 മുതല്‍

കോഴിക്കോട്: കുടുംബശ്രീയുടെ 20-ാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള “അരങ്ങ് 2018 താലൂക്ക് തല കലോത്സവങ്ങള്‍ക്ക് 20 ന് തുടക്കമാവും. പഞ്ചായത്ത്, നഗരസഭാ, സിഡിഎസ് തലത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ കലോല്‍സവത്തിലെ വിജയികളാണ് താലൂക്ക് തലത്തില്‍ മാറ്റുരയ്ക്കുക. സ്ത്രീകളുടെ സര്‍ഗാത്മക ശേഷികള്‍ പരിപോഷിപ്പിക്കുന്നതിന് കഴിഞ്ഞ ഇരുപത് വര്‍ഷമായി കുടുംബശ്രീ രംഗത്തുണ്ട്.
വിദ്യാഭ്യാസ കാലഘട്ടത്തി ല്‍ കലാപരമായി മികവ് പുലര്‍ത്തിയ പല സ്ത്രീകളും കുടുംബ ജീവിതത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അവരിലെ വേരറ്റുപോയ കലാശേഷിയെ മുഖ്യധാരയിലെത്തിക്കാന്‍ കുടുംബശ്രീ കലോത്സവങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
വടകര താലൂക്ക് കലോത്സവം 20, 21 തീയ്യതികളിലായി വട്ടോളി നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. താമരശ്ശേരി താലൂക്കില്‍ 22,23 തീയ്യതികളിലായി മാനിപുരം എയൂപി സ്‌കൂളിലും കോഴിക്കോട് താലൂക്കില്‍ 23,24 തീയ്യതികളില്‍ നന്മണ്ട ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കൊയിലാണ്ടി 25,26 തീയ്യതികളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കലോത്സവം നടക്കും. 18 മുതല്‍ 35 വരെ വയസ്സുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 35നു മേല്‍ പ്രായമുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായി 35 സ്റ്റേജിനങ്ങളിലും 5 സ്റ്റേജിതര ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാതല മത്സരങ്ങള്‍ക്ക് മെയ് രണ്ടിന് കോഴിക്കോട് ടാഗോര്‍ ഹാള്‍ വേദിയാകും.

RELATED STORIES

Share it
Top