അയ്യല്ലൂര്‍ ആക്രമണം ആര്‍എസ്എസ് നേതൃത്വത്തിന്റെ ആസൂത്രണം: പി ജയരാജന്‍

മട്ടന്നൂര്‍: ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അയ്യല്ലൂരിലെ ആക്രമണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് കൊലക്കത്തി താഴെ വയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അയ്യല്ലൂരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ അടിച്ചമര്‍ത്തുന്നതിന് ആര്‍എസ്എസ് ദേശവ്യാപക അക്രമം നടത്തുകയാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ടിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ആദ്യ രാഷ്ട്രീയ സംഘടനായായി ആര്‍എസ്എസും ബിജെപിയും മാറി. കുമ്മനം രാജശേഖരനും തില്ലങ്കേരിയിലെ ഒരു ആര്‍എസ്എസ് നേതാവും മട്ടന്നൂരിലെ കാര്യാലയത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് അയ്യല്ലൂരിലെ ആക്രമണം ആസൂത്രണം ചെയ്തത്. പുന്നാട്ടെ ആര്‍എസ്എസ് ശിബിരത്തിന്റെ പരിശീലനത്തിന്റെ ഭാഗമായിരുന്നു കൊല്ലാക്കൊല. ഹിന്ദുക്കളുടെ വ്യക്തിത്വ വികസനമല്ല മനുഷ്യശരീരത്തിലെ മര്‍മഭാഗങ്ങള്‍ വെട്ടിപ്പിളര്‍ക്കാനുള്ള പരിശീലനമാണ് ശിബിരത്തില്‍ നല്‍കുന്നത്. ആര്‍എസ്എസ് ആക്രമണത്തിനെതിരേ സിപിഎം പ്രതിഷേധം പ്രകടനത്തില്‍ ഒതുങ്ങില്ലെന്നും മട്ടന്നൂരിന്റെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണെന്നും ജയരാജന്‍ പറഞ്ഞു. കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ടി കൃഷ്ണന്‍, പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു, ഇ ജയപ്രകാശ് സംസാരിച്ചു.

RELATED STORIES

Share it
Top