അയ്യപ്പ ദര്‍ശനം തേടി റോളര്‍ സകേറ്റിങ് സംഘം യാത്ര തുടങ്ങി

കൊല്ലം: അയ്യപ്പ ദര്‍ശനം തേടി ചക്രവീലുകളില്‍ തെന്നി നീങ്ങി എട്ടംഗ റോളര്‍ സകേറ്റിങ് സംഘത്തിന്റെ  ശബരിമല സകേറ്റിങ് യാത്ര കൊല്ലത്ത് നിന്നും ആരംഭിച്ചു.
സ്‌പോര്‍ട്‌സിലൂടെ ആരോഗ്യം നേടൂ,  ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടാണ് ഇന്നലെ രാവിലെ ഇരുമുടിക്കെട്ടുമായി സംഘം യാത്ര   പുറപ്പെട്ടത്. കലക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നില്‍ കൊല്ലം കോര്‍പറേഷന്‍ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി ആര്‍ സന്തോഷ്‌കുമാര്‍ ഫഌഗ് ഓഫ് ചെയ്തു.
ഹൈസ്‌ക്കൂള്‍ ജങ്ഷന്‍, അഞ്ചാലുംമൂട്, പെരിനാട്,  കുണ്ടറ,കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂര്‍ വഴി പത്തനംതിട്ടയിലെത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സന്ധ്യയോടെ സ്‌കേറ്റിങ് സംഘത്തിന്റെ യാത്ര റാന്നി പെരുനാട്ടു എത്തിച്ചേര്‍ന്നു. ഇന്ന് രാവിലെ പെരുനാട്ട് നിന്നും പുറപ്പെടുന്ന യാത്ര ളാഹ വഴി പമ്പയില്‍ സമാപിക്കും. തുടര്‍ന്ന് സകേറ്റിങ് താരങ്ങള്‍ കാല്‍നടയായി ശബരിമല സന്നിധിയിലേക്ക് പോകും. ജില്ലാ സംസ്ഥാന ദേശീയ സ്പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍ ഹോക്കി താരങ്ങളും പരിശീലകരുമായ പി ആര്‍ ബാലഗോപാല്‍, എസ് ബിജു, അനുരാജ് പൈങ്ങാവില്‍, ടി എസ് ആദര്‍ശ്, പി എന്‍ അമിത്, ബി ജി ബാല്‍ശ്രേയസ്, സിബി സുകുമാരന്‍ തുടങ്ങിയവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. കാലില്‍ ചക്രവീലുകളുമായി കഴിഞ്ഞ പതിനെട്ടു വര്‍ഷമായി നടത്തുന്ന റോളര്‍ സകേറ്റിങ് യാത്രയാണ് കൊല്ലത്ത് നിന്നും രണ്ടു ദിവസംകൊണ്ടു ശബരിമലയില്‍ എത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

RELATED STORIES

Share it
Top