അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി

ഫറോക്ക്: കടലുണ്ടി അയ്യപ്പന്‍ വിളക്ക് മഹോല്‍സവത്തിന് തിടമ്പേന്താന്‍ കൊണ്ട് വന്ന ആന വിരണ്ടോടിയത് പരിഭ്രാന്തിക്കിടയാക്കി. കിലോമീറ്ററോളം ഓടിയ ആന തൊട്ടു മുന്നില്‍ പുഴ കണ്ട് എടുത്ത് ചാടി കഴുത്തറ്റം ചളിയില്‍ മുങ്ങിയതിനാല്‍ ഓടാന്‍ കഴിയാതെയായതിനാല്‍ നാട്ടുകാര്‍ രക്ഷപ്പെടുകയായിരുന്നു. ചളിയില്‍ കുടുങ്ങിയ ആനയെ ഏറെ ശ്രമത്തിനൊടുവില്‍ എസ്‌കവേറ്റര്‍കൊണ്ട് കെട്ടിവലിച്ച് കരകയറ്റി. ഓട്ടത്തിനിടെ രണ്ട് ചുറ്റുമതിലുകള്‍ തകര്‍ക്കുകയുണ്ടായി. ഇന്നലെ കടലുണ്ടി റെയില്‍വേ ഗേറ്റിനടുത്ത് സംഘടിപ്പിച്ച അയ്യപ്പന്‍ വിളക്കുല്‍സവത്തിന്ന് തൃശൂരില്‍ നിന്ന് കൊണ്ടുവന്ന ചീരോത്ത് രാജീവന്‍ എന്ന ആനയാണ് ഇന്നലെ രാവിലെ 10.30ഓടെ വിരണ്ടോടിയത്. രാവിലെ ഇടച്ചിറ വീട്ടില്‍ക്കാവിനടുത്തുള്ള കഴുങ്ങുംതോട്ടത്തില്‍ വീട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷന് കിഴക്കുള്ള അയ്യപ്പ ഭജനമഠത്തിലേക്ക് പൂജകള്‍ക്കായി കൊണ്ട് പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ വന്ന ട്രെയിനിന്റെ ശബ്ദംകേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. വന്നവഴി തന്നെ തിരിച്ചോടിയ ആന പുതുക്കളങ്ങര ബാബു, രാധാകൃഷ്ണന്‍ എന്നിവരുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു. ഈ സമയത്തെല്ലാം ആനപ്പുറത്ത് കഴുങ്ങുംതോട്ടത്തില്‍ അഖില്‍ (20) ഉണ്ടായിരുന്നെങ്കിലും അയാളെയും ഉപദ്രവിച്ചില്ല. ഭയവിഹ്വലരായി നാട്ടുകാരും ചിതറിയോടി. പാപ്പാന്‍മാര്‍ക്കും ചെവികൊടുക്കാതെ ഒരു കിലോമീറ്ററോളം ഓടി. കോട്ടക്കടവിനടുത്ത് കോഴിശ്ശേരിക്കാവിനടുത്തുള്ള പുഴയിലേക്കിറങ്ങി ഓടുന്നതിനിടെയാണ് ചളിയില്‍ താഴ്ന്നത്. ഇതിനിടെ അഖില്‍ ചാടി രക്ഷപ്പെട്ടു. ചളിയില്‍ നിന്ന് കയറാന്‍ ഏറെ പരാക്രമം കാട്ടി തളര്‍ന്നതോടെ ആന ശാന്തനായി. അരമണിക്കൂറിനകം എസ്‌കവേറ്റര്‍ എത്തിച്ച് കാലുകളിലും ശരീരത്തിലും വടങ്ങള്‍ കെട്ടിപൊക്കി കരക്ക് കയറ്റുകയായിരുന്നു. പിന്നീട് പൂര്‍വസ്ഥിതിയിലായെങ്കിലും അയ്യപ്പന്റെ തിടമ്പേന്താന്‍ ആന വേണ്ടെന്ന തീരുമാനം കമ്മിറ്റി പ്രഖ്യാപിച്ചു. ഫറോക്ക് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാന്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top