അയ്യപ്പദാസിന് മികച്ച ചികില്‍സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം

പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് പട്ടികവര്‍ഗ കോളനിയിലെ മുനിച്ചാമിയുടെ മകന്‍ അയ്യപ്പദാസി (അഞ്ച് വയസ്സ്)ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എല്ലാവിധ ചികില്‍സയും ഉറപ്പാക്കാന്‍ വി എസ് അച്യുതാനന്ദന്‍ എംഎല്‍എ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികവര്‍ഗ വികസന വകുപ്പ്, പാലക്കാട് ട്രൈബല്‍ ഡെവല്പമെന്റ് ഓഫിസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, എസ്ടി പ്രോമോട്ടര്‍മാര്‍ മുഖേന ആവശ്യമായ ചികില്‍സകള്‍ കുറച്ചു നാളുകളായി നടത്തുന്നുണ്ട്. എന്നാല്‍ ഈ കുട്ടിക്ക് വേണ്ടത്ര ആരോഗ്യം ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ നിലവില്‍ നടത്താത്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസങ്ങളായി കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി തുടര്‍ ചികില്‍സയിലാണ്.
ഓരോ തവണ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുന്ന സമയത്തും ആവശ്യമായ തുക ഇവര്‍ക്ക് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ നിന്നും അനുവദിച്ചു വരുന്നുണ്ട്.
മാര്‍ച്ച് എട്ട്, 15 തിയ്യതികളില്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് കൊണ്ടുപോകുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുള്ളതാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാവിധ ടെസ്റ്റുകളും നടത്തി ഉടനടി ശസ്ത്രക്രിയയ്ക്കുളള തിയ്യതി അനുവദിക്കുന്നതാണെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനായി ഇവരെ 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികില്‍സ ലഭ്യമാക്കാതെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടി പ്രയാസപ്പെടുന്നുവെന്നും പണം ഇല്ലാത്തതിനാല്‍ ചികില്‍സ തടസ്സപ്പെടുന്നു എന്നുമുള്ള തരത്തില്‍ സമൂഹികമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും പൊതുജനങ്ങളില്‍ നിന്നും ഒരു പട്ടിക വര്‍ഗ കുടുംബത്തിനായി അനുമതിയില്ലാതെ പണം പിരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്റ്റര്‍ക്ക് ശുപാര്‍ശ ചെയ്തതായി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
കോളനിവാസികള്‍ പോലും അറിയാതെയാണ് ഈ കുട്ടിയെ മുന്‍ നിര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ ചികില്‍സ സഹായങ്ങളും തുടര്‍ന്നും നടത്തുന്നതാണെന്ന്  ൈട്രബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top