അയ്യന്‍കുന്നില്‍ സമ്പൂര്‍ണ വാഴ ഗ്രാമം പദ്ധതി

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ സമ്പൂര്‍ണ വാഴ ഗ്രാമം പദ്ധതി ലക്ഷ്യമാക്കാന്‍ എല്ലാ വീടുകളിലും സൗജന്യമായി വാഴ വിത്ത് നല്‍കി ഹരിതഗ്രാമം പദ്ധതി നടപ്പാക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ പദ്ധതികള്‍ക്ക് മൂന്‍തൂക്കം നല്‍കി 1,27,80,946 രൂപ വകയിരുത്തി.
ആകെ 12,86,87,100 രൂപ വരവും 12,86,36,671 രൂപ ചെലവും 8,92,976 മിച്ചവുമള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം, അങ്കണവാടികളുടെ പോഷാകാഹാരം, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍ എന്നിവര്‍ക്കായി 58,94,750 രൂപ, കുടിവെളളക്ഷാമം പരിഹരിക്കാന്‍ സ്ഥിരം തടയണകള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയും പഞ്ചായത്തിനെ ‘നിലാവ്’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനിമാസ്റ്റ് ലൈറ്റുകള്‍, സോളാര്‍ ലൈറ്റുകള്‍, ജില്ലാപഞ്ചായത്ത് സഹായത്തോടെ വന്യമൃഗശല്യം തടയാന്‍ സോളാര്‍ വേലി ഉള്‍പ്പെടെ 1,63,71,935 രൂപയും വകയിരുത്തി.
ആരോഗ്യമേഖലയില്‍ ‘തളരുന്നവര്‍ക്ക് തണലായി’ പദ്ധതിക്ക് രണ്ടുലക്ഷം, കാന്‍സര്‍ രോഗ നിര്‍ണയവും നിയന്ത്രണവും പദ്ധതിക്ക് മൂന്നുലക്ഷം രൂപ, അങ്ങാടിക്കടവ് പിഎച്ച്‌സിയെ ഫാമിലി ഹെല്‍ത്ത് സെന്ററാക്കാന്‍ 12 ലക്ഷം, പിഎച്ച്‌സിക്ക് മരുന്നുവാങ്ങാന്‍ നാലുലക്ഷം, ആയുര്‍വേദം-ഹോമിയോ എന്നീ ആശുപത്രികള്‍ക്ക് മരുന്നുവാങ്ങാന്‍ 12 ലക്ഷവും നീക്കിവച്ചു. വിദ്യാഭ്യാസ മേഖലയില്‍ ‘ഒന്നാംക്ലാസ് ഒന്നാംതരം’ പദ്ധതിക്കു മൂന്നുലക്ഷം, എസ്എസ്എ പദ്ധതിക്ക് 11 ലക്ഷം, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചറുകള്‍, ലാപ്‌ടോപ്പ് എന്നിവയ്ക്കു അഞ്ചുലക്ഷം, അങ്ങാടിക്കടവ്, കരിക്കോട്ടക്കരി സ്‌കൂളുകളില്‍ ഷീ ടോയ്‌ലറ്റിന് 9 ലക്ഷം, ലൈഫ് മിഷന്‍ പദ്ധതിക്ക് പഞ്ചായത്ത് വിഹിതം 52 ലക്ഷം  വകയിരുത്തി.

RELATED STORIES

Share it
Top