അയോധ്യാ പ്രശ്‌നം ഇന്ദിരാഗാന്ധിക്ക് പരിഹരിക്കാമായിരുന്നു: ശശിഭൂഷണ്‍

മാള: അയോധ്യാ പ്രശ്‌നം ശക്തയായ പ്രധാനമന്ത്രി എന്നറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധിക്ക് പരിഹരിക്കാമായിരുന്നെന്ന് പ്രശസ്ത ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍. മാളയുടെ ചരിത്രം പറയുന്ന കെ സി വര്‍ഗ്ഗീസ് രചിച്ച പുസ്തകം ‘മാളയുടെ പൈതൃകഭൂവില്‍’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 1977 ല്‍ അവിടെ ആര്‍ക്കിയോളജി വകുപ്പ് നടത്തിയ ഉദ്ഖനന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ അക്കാലത്ത് തന്നെ അയോദ്ധ്യാ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. രാജ്യത്തെ പൈതൃക സമ്പത്തുകളോട് രാജ്യം വേദനാജനകമായ അവഗണനയാണ് എക്കാലവും പുലര്‍ത്തിയിട്ടുള്ളത്. ചരിത്രസ്മാരകങ്ങള്‍ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് ശേഷമാണ് അല്‍പ്പമെങ്കിലും സംരക്ഷിക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടനവധി പൈതൃക സമ്പത്തുകളാണ് ബ്രിട്ടനിലേക്ക് കടത്തികൊണ്ടുപോയത്. അക്കാലത്ത് ആയിരക്കണക്കിന് ബൗദ്ധ ക്ഷേത്രങ്ങളില്‍ വിലമതിക്കാനാവാത്തത്രയും സമ്പത്തുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരുടെ സഹായത്തോടെ അവയിലെ സ്വര്‍ണ്ണവും അമൂല്യങ്ങളായ മറ്റുള്ളവയും കടത്തി കൊണ്ടുപോയി. പട്ടാളക്കാരിലെ നന്‍മയുള്ളവരാണ് സാഞ്ചിയിലെ മഹാത്ഭുതമടക്കം രാജ്യത്ത് ഇന്നുള്ള പല പൈതൃകങ്ങളും ഇവിടെ അവശേഷിക്കുന്നതിന് കാരണക്കാരായത്. പുത്തന്‍ചിറയില്‍ കണ്ടെത്തിയ വെള്ളി നാണയങ്ങളേറ്റെടുക്കാന്‍ മാളയിലെത്തിയപ്പോള്‍ വളരെ വേദനയോടെയാണ് യഹൂദ സിനഗോഗ് വീക്ഷിച്ചത്. പഞ്ചായത്തിന്റെ വെയര്‍ ഹൗസായിട്ടായിരുന്നു പൈതൃക സമ്പത്തായ സിനഗോഗിനെ ഭരണകൂടം കണ്ടിരുന്നത്. ഉണക്കമീനും അടക്കയും സൂക്ഷിക്കാനുള്ള ഇടമായാണ് പഞ്ചായത്ത് ആ പൈതൃക സമ്പത്തിനെ കണ്ടിരുന്നത്. ആദ്യം മാളയിലെത്തിയപ്പോള്‍ യഹൂദ ശ്മശാനം ഒന്നായി കിടക്കുകയായിരുന്നു. ചരിത്രത്തിന്റെ പിന്തുണയോടെ രാജ്യത്തെ പല പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 700 വര്‍ഷത്തിലധികം രാജ്യം ഭരിച്ചിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ക്ക് രാജ്യത്തെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാമായിരുന്നെന്നും എന്നാലവര്‍ അതിന് ശ്രമിക്കാതെ ഒരു തരി പൊന്നുപോലും കടത്തി കൊണ്ടുപോകാതെയാണ് ഇവിടെ നിന്നും പോയതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജെ ഡി യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി എ നദീര്‍, ടെസ്സി ടൈറ്റസ്, തോമസ് ഐ കണ്ണത്ത്, കാര്‍മ്മല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി.ലിജോ സി എം സി, എ എ അഷറഫ്, മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ ജി മുരളീധരന്‍, ജാതവേദന്‍ നമ്പൂതിരി, രമേശ് കരിന്തലക്കൂട്ടം, ടി കെ ജിനേഷ്, സണ്ണി ജോസഫ്, പുസ്തക രചന നടത്തിയ കെ സി വര്‍ഗ്ഗീസ് കണ്ണംപുഴ സംസാരിച്ചു.

RELATED STORIES

Share it
Top