അയോധ്യയില്‍ രാമക്ഷേത്രം പണിയും: യുപി മന്ത്രി

ന്യൂഡല്‍ഹി: സുപ്രിംകോടതിയും രാജ്യവും തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ തീര്‍ച്ചയായും രാമക്ഷേത്രം പണിയുമെന്നു ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. ക്ഷേത്രം എന്നതു തങ്ങളുടെ നിശ്ചയദാര്‍ഢ്യമാണെന്നും യുപി മന്ത്രി മുകുത് ബിഹാറി വര്‍മ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണു മന്ത്രി വിവാദ പ്രഖ്യാപനം നടത്തിയത്. അയോധ്യ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണല്ലോ എന്നു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു രാജ്യം മാത്രമല്ല, സുപ്രിംകോടതിയും തങ്ങളുടേതല്ലേ എന്ന മന്ത്രിയുടെ അവകാശവാദം. രാജ്യത്തെ ന്യായവും സംവിധാനങ്ങളും ഈ രാജ്യം തന്നെയും തങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന സ്ഥിരം ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. സുപ്രിംകോടതി ഈ രാജ്യത്തിന്റെ ഭാഗമാണ്. അതു തങ്ങളുടേതും കൂടിയാണ് എന്നാണു താന്‍ പറഞ്ഞതെന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, വിശദീകരണത്തിലും ആദ്യ വിവാദ പ്രസ്താവന മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണു മന്ത്രി ചെയ്തത്. താന്‍ പറഞ്ഞതില്‍ എന്താണു തെറ്റ്. രാജ്യം ഞങ്ങളുടേതാവുമ്പോള്‍ അതിന്റെ ഭാഗമായ സുപ്രിംകോടതിയും ഞങ്ങളുടേതു തന്നെയല്ലേ എന്നായിരുന്നു മന്ത്രി വിശദീകരണം. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ മുകുത് ബിഹാറി നാലു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സഹകരണ വകുപ്പ് മന്ത്രിയാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു വീണ്ടും രാമക്ഷേത്ര വിഷയം സജീവ ചര്‍ച്ചയാക്കാനുള്ള സംഘപരിവാരത്തിന്റെയും ബിജെപിയുടെയും ശ്രമമായിട്ടാണു മന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹത്തില്‍ ധ്രുവീകരണം നടത്താനുളള ശ്രമമാണിതിനു പിന്നിലെന്നു കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും ആരോപിച്ചു.

RELATED STORIES

Share it
Top