അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വിഎച്ച്പി കല്ലുകള്‍ എത്തിച്ചു തുടങ്ങിന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് വിശ്വഹിന്ദു പരിഷത്ത് കല്ലുകള്‍ എത്തിച്ചു തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ രാമക്ഷേത്രം പണി ആരംഭിക്കുമെന്ന വിഎച്ച്പിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. തിങ്കളാഴ്ച രണ്ടു ലോഡ് കല്ലാണ് ആദ്യമെത്തിച്ചത്. പിന്നാലെ കൂടുതല്‍ ലോഡുകള്‍ എത്തുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. കര്‍സേവ പുരം വിഎച്ച്പി ഓഫിസ് പരിസരത്താണ് ഇത് ഇറക്കിയിരിക്കുന്നത്. 2015ലും വിഎച്ച്പി സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും അന്ന് ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അത് തടഞ്ഞിരുന്നു.  യോഗി ആദിത്യനാഥിന്റെ  സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നീക്കം വീണ്ടും സജീവമാവുകയായിരുന്നു. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് രണ്ടു ലോഡ് കല്ലുകള്‍ എത്തിച്ചതെന്നും ബാക്കി വൈകാതെ എത്തുമെന്നും വിഎച്ച്പി നേതാവ് ത്രിലോകി നാഥ് പാണ്ഡെ പറഞ്ഞു. 2015 ഡിസംബര്‍ 20നാണ് ഇതിനു മുമ്പ് കല്ലുകള്‍ എത്തിച്ചത്. കൂടുതല്‍ കല്ല് എത്തിക്കുന്നത് തടയാന്‍ വാണിജ്യനികുതിയുടെ ഫോം 39 നിഷേധിച്ചുകൊണ്ടായിരുന്നു സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍, ആദിത്യനാഥ് അധികാരത്തില്‍ വന്നതോടെ ഫോം 30 വീണ്ടും നല്‍കിത്തുടങ്ങി. ഇതിനാല്‍ പണി തുടങ്ങാന്‍ തടസ്സങ്ങളില്ലാതായെന്ന് പാണ്ഡെ പറഞ്ഞു.  അമ്പലം പണിയുന്ന കാര്യം ഗൗരവമായെടുത്തുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനാണ് കല്ലുകള്‍ എത്തിക്കുന്നതെന്ന് ബാബരി ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ കക്ഷികളിലൊരാളായ ഖാലിഖ് അഹ്മദ് ഖാന്‍ പറഞ്ഞു. ഇതൊന്നും സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ ബാധിക്കില്ല. സുപ്രിംകോടതിയിലും ഭരണഘടനയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top