അയോധ്യയിലെ രാമക്ഷേത്രം: ആര്‍എസ്എസിന്റെ നീക്കം അംഗീകരിക്കില്ല- സ്വാമി അഗ്നിവേശ്

കൊച്ചി: മുസ്‌ലിം സംഘടനകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ്-ഹിന്ദു സംഘടനകളുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സ്വാമി അഗ്നിവേശ്. എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ മനപ്പൂര്‍വം മുറിപ്പെടുത്താനുള്ള നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും അഗ്നിവേശ് പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം നിലവില്‍ ഉടമസ്ഥതാവകാശ പ്രശ്‌നം മാത്രമാണെന്ന സുപ്രിംകോടതി നിലപാട് സ്വാഗതാര്‍ഹമാണ്. അയോധ്യയിലെ വിവാദഭൂമിയുമായി ബന്ധപ്പെട്ട് അന്തിമ വിധി കോടതിയില്‍ നിന്നു വരേണ്ടതുണ്ട്. അതുവരെ കാത്തിരിക്കാന്‍ ഏവരും തയ്യാറാവണമെന്നും അഗ്നിവേശ് പറഞ്ഞു. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയ മുസ്‌ലിം സംഘടനകളെ അനുനയിപ്പിച്ച് രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള നീക്കമാണു നടന്നുവരുന്നത്. അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമായ ഒരു വസ്തുതയുടെയും പിന്‍ബലമില്ല. ആര്‍എസ്എസുകാര്‍ തകര്‍ത്ത ബാബരി മസ്ജിദ് രണ്ട് ഏക്കറിലാണ് അയോധ്യയില്‍ നിലനിന്നിരുന്നത്. അതിന് ചുറ്റുമായി 60 ഏക്കറോളം വേറെ സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. അവിടെ ക്ഷേത്രം പണിയുന്നതില്‍ എതിര്‍പ്പുകളില്ലെന്ന് മുസ്‌ലിം സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന  രണ്ട് ഏക്കറില്‍ തന്നെ പണിയണമെന്ന നിര്‍ബന്ധം ന്യൂനപക്ഷങ്ങളെ മനപ്പൂര്‍വം വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top