അയല്‍വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കൂത്തുപറമ്പ്: അടുത്ത വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ വൃദ്ധന്‍ റിമാന്‍ഡില്‍. നീര്‍വേലി ശ്രീരാമ ക്ഷേത്രപരിസരത്തെ കുനിയില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണ(70)നെയാണ് കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.
നീര്‍വേലിയിലെ കോണ്‍ഗ്രസ്  നേതാവ് നീലഞ്ചേരി സുധാകരന്റെ വീട്ടുകിണറ്റില്‍ കീടനാശിനിയും കരിഓയിലും ഒഴിച്ച കേസിലാണു നടപടി. സുധാകരന്റെ അയല്‍വാസിയാണ് ബാലകൃഷ്ണന്‍.
ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായ ഇയാള്‍ സിപിഎം നേതാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.10ഓടെയാണ് സംഭവം. കിണറിലെ വെള്ളത്തില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് വിഷം കലര്‍ത്തുന്നതു കണ്ടത്.
കൂത്തുപറമ്പ് എസ്‌ഐ കെ നിഷിത്തും സംഘവും പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയും കരിഓയിലും കണ്ടെടുത്തു. ഇതിന് മുമ്പും സുധാകരന്റെ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി തവണ രാത്രിയില്‍ വീട്ടില്‍ റീത്തുവച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിക്രമം പതിവായതിനെ തുടര്‍ന്നാണ് സിസിടിവി സ്ഥാപിച്ചത്.

RELATED STORIES

Share it
Top