അയല്‍വാസിയെ കൊലപ്പെടുത്തിയതിന് ഏഴുവര്‍ഷം തടവും ഒരുലക്ഷം പിഴയും
fousiya sidheek2017-04-30T11:33:29+05:30
എരുമേലി: അയല്‍വാസിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും. എരുമേലി ഇരുമ്പൂന്നിക്കര ആശാന്‍കോളനി പുത്തന്‍പീടികയില്‍ നെജി (42) രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സംഭവത്തിലാണ് ജില്ലാ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ ഉത്തരവ്. പ്രതി ആശാന്‍കോളനി പുതുപ്പുരയ്ക്കല്‍ മധുസൂദനന്(41) സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അറസ്റ്റിലായിരുന്നു. പിഴ തുക അടയ്ക്കാത്തപക്ഷം പ്രതി ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴതുക കൊല്ലപ്പെട്ട നെജിയുടെ ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കാനും അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി എസ് ബിന്ദുകുമാരി ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ സജയന് ജേക്കബ് ഹാജരായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ജൂലൈ 22 നായിരുന്നു സംഭവം.നെജിയുടെ വീടിന് ഭീഷണിയായി അതിരില്‍ നിന്നിരുന്ന പ്രതിയുടെ ആഞ്ഞിലിമരം വെട്ടുന്നതിനെ ചൊല്ലി തര്‍ക്കം പരിഹരിക്കപ്പെട്ടെങ്കിലും അടിപിടിയിലെത്തുകയായിരുന്നു. അടിപിടിക്കിടെ നെജിയുടെ വൃക്ഷണത്തില്‍ പ്രതിയേല്പ്പിച്ച പരിക്ക് നെജിയുടെ മരണത്തിന് കാരണമായെന്ന് കോടതി വിലയിരുത്തി. വൃക്ഷണത്തിലേറ്റ ക്ഷതം മൂലം ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. അന്നത്തെ മണിമല സിഐ അബ്ദുല്‍ റഹീം ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.