അയല്‍വാസിയുടെ കിണറ്റില്‍ വിഷം കലര്‍ത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: അയല്‍വാസിയുടെ വീട്ടുമറ്റത്തെ കിണറില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലേങ്ങല്‍ നാസര്‍(36) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഏപ്രില്‍ 26നാണ് സംഭവം നടന്നത്. സഹോദരനും തൊട്ടടുത്ത് താമസക്കാരനുമായ കല്ലൂങ്ങല്‍ അസീസിന്റെ വീട്ടിലെ കിണറില്‍  നാസര്‍ മാരകവിഷമുള്ള കീടനാശിനി കലര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അസീസിന്റെ സമീപത്തുള്ള തറവാട് വീട്ടില്‍ താമസിക്കുന്ന മറ്റൊരു സഹോദന്‍ ബഷീറിന്റെ ഭാര്യ സലീന ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റിനകത്തും കീടനാശിനി കലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസീസിന്റെ അടുത്തവീട്ടില്‍ താമസിക്കുന്ന സഹോദരന്‍ നാസറാണ് പ്രതിയെന്ന് പോലിസ് കണ്ടെത്തിയത്. നാസറിന് അസീസിന്റെ ഭാര്യ സക്കീനയോട് കുടംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത വിരോധമുണ്ടായിരുന്നു. സക്കീന തനിക്കെതിരേ മന്ത്രവാദം നടത്തുന്നതായും നാസര്‍ വിശ്വസിച്ചിരുന്നു. ഇതിന് സക്കീനയെ സഹായിക്കുന്നത് സലീനയാണെന്നും വിശ്വസിച്ചിരുന്നു. ഇതെതുടര്‍ന്നാണ് സക്കീനയെയും കുടംബത്തെയും സലീനയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതും കീടനാശിനി ഒഴിച്ചതെന്നും പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top