അയത്തില്‍ ജങ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷംഅയത്തില്‍ : മേവറം-കല്ലുംതാഴം ബൈപ്പാസ് റോഡും ആയൂര്‍-കൊല്ലം സംസ്ഥാന പാതയും സംഗമിക്കുന്ന അയത്തില്‍ ജങ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. റോഡ് വികസനത്തിന്റെ പേരില്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്നാണ് ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമായത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളാണ് നീക്കം ചെയ്തത്. ബൈപാസ്സ് റോഡ് വീതി കൂട്ടുന്നതിനു വേണ്ടിയാണ് സിഗ്‌നല്‍ ലൈറ്റുകള്‍ നീക്കം ചെയ്തത്. എന്നാല്‍ ഇത് പുനഃസ്ഥാപിക്കാന്‍ പറ്റാത്ത രീതിയിലാണ് നീക്കം ചെയ്തിട്ടുള്ളത്. മിക്ക സമയങ്ങളിലും ഇവിടെ ഗതാഗതക്കുരുക്കാണ്. എല്ലാ ദിശകളിലേക്കും പോകേണ്ട വാഹനങ്ങള്‍ ജങ്ഷനില്‍ ഒന്നിച്ചെത്തുന്നതോടെ മണിക്കുറുകളോളമാണ് കുരുക്ക് നീളുന്നത്. ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡ് മാത്രമാണ് പലപ്പോഴും എത്താറുള്ളത്. കുരുക്ക് കുടുമ്പോള്‍ കൊല്ലത്തു നിന്നും ട്രാഫിക്ക് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഗതാഗതം നിയന്ത്രിക്കാറുള്ളത്. ഗതാഗത കുരുക്ക് സ്വകാര്യ ബസ്സുകളുടെ സമയക്രമത്തെ ബാധിക്കുന്നതിനാല്‍ ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനും കാരണമാകാറുണ്ട്. ജങ്ഷന് പടിഞ്ഞാറ് റോഡരികിലുള്ള വെയ്ബ്രിഡ്ജിലേക്ക് ചരക്കു കയറ്റിയ വലിയവാഹനങ്ങള്‍ കയറുന്നതിനായി റോഡിന് നടുവില്‍ തിരിയുന്നതും ഗതാഗതകുരുക്കിന് കാരണമാക്കുന്നുണ്ട്. കൂടാതെ ചെമ്മാന്‍മുക്ക് മുതല്‍ അയത്തില്‍ വരെ റോഡിന്റെ വീതി കുറവും ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നുണ്ട്.

RELATED STORIES

Share it
Top