അമ്മായിയമ്മയ്‌ക്കെതിരായ കേസില്‍ പൊളിഞ്ഞത് മരുമകന്റെ തട്ടിപ്പ്

പത്തനംതിട്ട: ഫെയ്‌സ്ബുക്കില്‍ സൗഹൃദത്തിലായ പെണ്‍കുട്ടിയെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഓഫിസര്‍ എന്ന് പരിയചയപ്പെടുത്തി വിവാഹ തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയന്‍കീഴ് പെരിങ്കാവ് കൊന്നക്കോട് കേശവവിലാസം വീട്ടില്‍ സൂരജാണ് (21) പിടിയിലായത്. ഇയാള്‍ വിവാഹം കഴിച്ച റാന്നി വെച്ചൂച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ക്കെതിരെ അയല്‍വാസി വനിതാ പൊലീസിനു നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് നാടകീയമായ അറസ്റ്റുണ്ടായത്. പത്തനംതിട്ട വനിതാ സിഐ എസ് ഉദയമ്മയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴിയെടുത്തുകൊണ്ടിരിക്കെ മരുമകനായ ഇന്റലിജന്‍സ് ഓഫിസര്‍ ഇവിടെയുണ്ടെന്നു പറഞ്ഞു. എങ്കില്‍ കാണട്ടെയെന്ന് വനിതാ സി.ഐ ആവശ്യപ്പെട്ടപ്പോള്‍ മുറിക്കുളളില്‍ നിന്ന് സൂരജ് ഇറങ്ങി വന്നു. കേന്ദ്ര രഹസ്യാനേഷണ വിഭാഗം സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചിഹ്നമുളള തിരിച്ചറിയല്‍ കാര്‍ഡ് സി.ഐയെ കാണിച്ചു. സി.ഐ കൂടുതല്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ സൂരജ് പരുങ്ങിയത് സംശയത്തിനിടയാക്കി.  വനിതാ സിഐ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൂരജിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്‌റ്റേഷനില്‍ എസ്‌ഐ യു ബിജുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാളില്‍ നിന്ന് ഇന്റലിജന്‍സ് ബ്യൂറോ ഓഫീസറെന്ന പേരിലുളള രണ്ട്  തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു സസ്‌പെഷന്‍ ഉത്തരവും ലഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ്  സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന് അയച്ചുകൊടുത്തപ്പോഴാണ് വ്യാജനാണെന്നു വ്യക്തമായത്. വകുപ്പുതല നടപടിയുമായി താന്‍ ഒരാഴ്ചയായി  സസ്‌പെന്‍ഷനിലാണെന്നാണ്  ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരിക്കുന്നത്. ഇന്നലെ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.  തിരിച്ചറിയല്‍ കാര്‍ഡ് സ്വയം ഉണ്ടാക്കിയതാണെന്ന് ഇയാള്‍ പറഞ്ഞു. കാര്‍ഡ് തയ്യാറാക്കാന്‍ ഉപയോഗിച്ച  ലാപ്‌ടോപ്പ് വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.  ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫെയ്‌സ്ബുക്ക് വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഫെബ്രുവരിയില്‍ റാന്നിയില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടു. മെയ് എട്ടിന് കോട്ടയത്ത് വച്ച് വിവാഹതിരായി. അവിടെ വാടക വീട്ടില്‍ താമസിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. താന്‍ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. ജോലിക്കെന്നു പറഞ്ഞ് പുറത്തു പോയ ശേഷം മണിക്കൂറുകള്‍ക്കുളളില്‍ തിരിച്ചെത്തിയിരുന്നതില്‍ സംശയമുണ്ടായ പെണ്‍കുട്ടി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് കാണിച്ചത്. ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കൈവശമുളള സൂരജ് പ്രമുഖ കമ്പനിക്കുവേണ്ടി എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ക്കെതിരെ മറ്റു സ്‌റ്റേഷനുകളില്‍ നിലവില്‍ കേസുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഐ.ബി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്.

[related]

RELATED STORIES

Share it
Top