അമ്മയ്‌ക്കെതിരേ പ്രതിഷേധം ശക്തം

കൊച്ചി/തൃശൂര്‍: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലെ വീട്ടിലേക്ക് കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലെ  വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മോഹന്‍ലാലിന്റെ വീടിനു മുന്നില്‍ പോലിസ് നിലയുറപ്പിച്ചിരുന്നു. എന്നാല്‍, ഷൂട്ടിങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ വിദേശത്താണ്. മോഹന്‍ലാലിന്റെ വീടിന്റെ ഗേറ്റില്‍ അമ്മയ്ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് സ്ഥാപിച്ച ശേഷം ചന്ദനത്തിരിയും പ്രവര്‍ത്തകര്‍ കത്തിച്ചു.അമ്മയുടെ ഭാരവാഹികളും എംഎല്‍എമാരുമായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ഈ വിഷയത്തില്‍ എടുത്ത സമീപനമാണോ സര്‍ക്കാരിന്റെ നയം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അജ്മല്‍ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയെ പറ്റി സംസാരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഇടതു ജനപ്രതിനിധികളായ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ കേരള ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫിസിനു മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കെഎസ്‌യു-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയില്‍ നിന്നു നാലു നടിമാര്‍ രാജിവച്ച സംഭവവും നിരപരാധിത്വം തെളിയുന്നതു വരെ സംഘടനയിലേക്കില്ലെന്നു കാട്ടി ദിലീപ് നല്‍കിയ കത്തും അമ്മയുടെ നിര്‍വാഹ സമിതി യോഗം ചേര്‍ന്നു ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. മോഹന്‍ലാല്‍ വിദേശത്ത് നിന്നു മടങ്ങിവരുന്ന മുറയ്ക്ക് യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനമെന്നാണ് അറിയുന്നത്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക അറിയിച്ചു. കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ദിലീപിനെ ഫെഫ്കയില്‍ നിന്നു പുറത്താക്കിയിരുന്നു. അതില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നു കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടഫി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ഫെഫ്കയ്‌ക്കെതിരേ വിമര്‍ശനം നടത്തിയ സംവിധായകന്‍ ആഷിക് അബുവിനെതിരേ സംഘടന ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിമാര്‍ രാജിവച്ചത് വ്യക്തിപരമാണെന്നു നടനും സംവിധായകനുമായ ലാല്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആവേശത്തെ തുടര്‍ന്നാണ് ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത്. അതുപോലെ തന്നെ ഇപ്പോള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതും പെട്ടെന്നുള്ള തീരുമാനമായിപ്പോയി എന്നാണ് തനിക്ക് തോന്നുന്നത്. അതാണ് ഇത്രയും ഒച്ചപ്പാടിന് ഇടയാക്കിയതെന്നും ലാല്‍ പറഞ്ഞു. എന്നാല്‍, ദിലീപിനെ തിരിച്ചെടുത്തതുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് അമ്മയുടെ നിര്‍വാഹക സമിതിയംഗമായ ജയസൂര്യ പറഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പറയേണ്ടത് അമ്മ ഭാരവാഹികളാണെന്നും ജയസൂര്യ പറഞ്ഞു.അമ്മയില്‍ നടമാടുന്നത് ഏകാധിപത്യം മാത്രമാണെന്നും ജനാധിപത്യം അശേഷമില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിലൂടെ അത് വ്യക്തമായിരിക്കുകയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. അമ്മ സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നു. പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ് അമ്മയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനം വെടിയണമെന്നു പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം അംഗങ്ങളും ഇടത് സഹയാത്രികരായുള്ള സംഘടനയാണ് അമ്മ. ഇക്കാര്യത്തില്‍ ഇവരുടെ നിലപാടുകള്‍ക്ക് പാര്‍ട്ടി പിന്തുണയുണ്ടോയെന്നു സിപിഎം വ്യക്തമാക്കണമെന്നും പി ടി തോമസ് പറഞ്ഞു. അതേസമയം, ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നാരോപിച്ച് മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. വി സപ്പോര്‍ട്ട് മോഹന്‍ലാല്‍ എന്ന പോസ്റ്ററുകളുമായി ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫിസിനു മുന്നിലായിരുന്നു മോഹന്‍ലാലിനു പിന്തുണയുമായി ഫാന്‍സുകാരുടെ പ്രകടനം നടന്നത്.

RELATED STORIES

Share it
Top