അമ്മയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍; മോഹന്‍ലാല്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം കാണിക്കണം

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ അനീതിക്കെതിരെ  രാജിവച്ച നടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന വനിതാ കമ്മീഷന്‍.  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയല്ലെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. നടിക്കെതിരെ അത്യന്തം നീചമായ ആക്രമണമാണുണ്ടായത്. അതിലെ കുറ്റാരോപിതരെ സംരക്ഷിക്കുകയാണ് സംഘടന ചെയ്യുന്നത്.അതിനാലാണ് നാലു നടിമാര്‍ക്ക് സംഘടന വിട്ടുപോകേണ്ടി വന്നത്.സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. അതിനുവിരുദ്ധമായ നടപടിയാണ്. മോഹന്‍ലാലിനോടുള്ള മതിപ്പു കുറഞ്ഞു.  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു പ്രതികരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

RELATED STORIES

Share it
Top