അമ്മയെയും മകളെയും അക്രമിച്ച സംഭവം: അഞ്ചുപേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും അക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലിസ് ചീഫ് നിര്‍ദേശം നല്‍കി. മൂഴിക്കര സ്വദേശിയും കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21), മകള്‍ തേജസ്വിനി (2) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡില്‍വച്ച് കാറിലെത്തിയ സംഘം ആക്രമിച്ചത്. തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടി അനശ്വരയും ഭര്‍ത്താവ് രജീഷും ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലപീഡനം സഞ്ചാരസ്വാതന്ത്ര്യ നിഷേധം, വാഹനം തകര്‍ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയാലുള്ള ഐപിസി വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ ന്യൂമാഹി എസ്‌ഐക്ക് ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം നിര്‍ദേശം നല്‍കിയത്. അക്രമത്തില്‍ ഉള്‍പ്പെട്ട റിജേഷ്, രവീഷ്, സായൂജ് എന്നിവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന രണ്ടു പേരെയും ഉള്‍പ്പെടുത്തിയാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. അക്രമത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിലേക്ക് സഹോദരന്‍ അശ്വന്തിന്റെ കൂടെ കാറില്‍ പോകവെയാണ് അനശ്വരയും മകളും അക്രമത്തിനിരയായത്.

RELATED STORIES

Share it
Top