അമ്മയെയും മകനെയും മര്‍ദ്ദിച്ചതായി പരാതി

ശാസ്താംകോട്ട: സമീപവാസികളായ യുവാക്കള്‍ സൃഷ്ടിക്കുന്ന നാസിക് ഡോള്‍ ശബ്ദ ശല്യത്തെകുറിച്ച് പോലിസ് സ്‌റ്റേഷനില്‍ പരാതി പറഞ്ഞ പൊതുപ്രവര്‍ത്തകനായ യുവാവിനെ ശാസ്താംകോട്ട പോലിസ് സ്‌റ്റേഷനില്‍ മൂന്നാംമുറയക്ക് വിധേയനാക്കുകയും മാതാവിനെ ഉപദ്രവിക്കുകയും ചെയ്തതായി പരാതി. പടിഞ്ഞാറേകല്ലട വലിയപാടം മഞ്ഞത്തോപ്പില്‍ സുഭാഷ്(37), മാതാവ് ശ്രീലത) എന്നിവരാണ് പരാതിക്കാര്‍.ഇവരുടെ വീടിന് സമീപത്തായി ഒരുപറ്റം ചെറുപ്പക്കാര്‍ നാസിക്‌ഡോള്‍ പരിശീലനം നടത്തിവരികയാണ്. രാത്രി ആയാലും ഇത് നിര്‍ത്താറില്ല. പരീക്ഷാക്കാലമായതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഇത്് നിര്‍ത്തണമെന്ന് സുഭാഷ് ആവശ്യപ്പെട്ടങ്കിലും അവര്‍ ഇതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ 16ന് വൈകീട്ട് നാലോടെ സുഭാഷ് വിവരം ശാസ്താംകോട്ട പോലിസില്‍ അറിയിക്കുകയും എസ്‌ഐ രാജീവന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തുകയും ചെയ്തു. ഈ സമയം പോലിസിന്റെ അടുത്തേക്കെത്തിയ സുഭാഷ് താനാണ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതെന്നും പൊതുപ്രവര്‍ത്തകനാണന്ന് പരിചയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് ഇഷ്ടമാകാത്ത എസ്‌ഐ സുഭാഷിന്റെ കൈയില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി സുഭാഷിനെ ജീപ്പിലേക്ക് തള്ളുകയും ചെയ്തതായാണ് പരാതി. വീഴ്ചയില്‍ ജീപ്പിന്റെ കമ്പില്‍ ഇടിച്ച് ഇയാളുടെ തല പൊട്ടി. തുടര്‍ന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ച് മരുന്ന വച്ച്‌കെട്ടിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. നിരപരാധിയായ തന്നെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുഹ്യഭാഗങ്ങളില്‍ മുളക് പുരട്ടിയതായും ഇയാള്‍ പറയുന്നു. പൊതുപ്രവര്‍ത്തകരും മാതാവും സ്റ്റേഷനിലെത്തിയെങ്കിലും ഇയാളെ വിടാന്‍ സാധിക്കില്ലന്ന് എസ്‌ഐയും സിഐയും പറഞ്ഞു. എന്നാല്‍ രാത്രി വൈകിയും സ്റ്റേഷനില്‍ തന്നെ ഇരുന്ന മാതാവ് ശ്രീലതയെ സിഐ തെറി വിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് വനിതാ പോലീസിന്റെ സഹായത്തോടെ വലിച്ചിഴച്ച് വീടിന് സമീപത്ത് കൊണ്ട് വന്ന് ഇറക്കുകയായിരുന്നു.പിറ്റേന്ന് സുഭാഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. മതിയായ ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്ന് അവശനായ സുഭാഷിനെ ബന്ധുക്കള്‍ ആദ്യം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ തുരുവനന്തപുരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.  മാതാവ് ശ്രീലത മുഖ്യമന്ത്രി, ഡിജിപി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവിടങ്ങളില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top