അമ്മയുടെ മുഖം അവസാനമായി ഒരുനോക്ക് കാണാന്‍ കഴിയാതെ റിതുലും സിദ്ധാര്‍ഥും

പേരാമ്പ്ര: പനി മരണം സംഭവിച്ച രോഗികളെ ചികില്‍സിച്ചതിലൂടെ രോഗം പകര്‍ന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്കാലിക ജീവനക്കാരി ചെമ്പനോട സ്വദേശിനി ലിനി (28) മരണത്തിന് കീഴടങ്ങിയപ്പോള്‍ തങ്ങളുടെ സ്‌നേഹനിധിയായ അമ്മയുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിയാതെ രണ്ട് പിഞ്ചോമനകളും കുടുംബാംഗങ്ങളും തേങ്ങി.
ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ക്കും വെന്റിലേറ്ററിലായിരുന്ന ഇവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്‌റൈനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി സജീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി.
വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ സജീഷിന് അവസരം ലഭിച്ചിരുന്നു. നിപ്പാ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു.അഞ്ച് വയസ്സുകാരനായ റിതുലും രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥും ഒന്നുമറിയാതെ അമ്മയെ കാത്ത് വീട്ടില്‍ കഴിയുന്നു.ലിജിയും ലിഷിയുമാണ് ലിനിയുടെ സഹോദരങ്ങള്‍.

RELATED STORIES

Share it
Top