'അമ്മ'യുടെ പ്രത്യേക ജനറല്‍ബോഡി യോഗം 24ന്

കൊച്ചി: താരസംഘടനാ നേതൃത്വത്തിനും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കെതിരേയുള്ള സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ കടുത്ത വിമര്‍ശനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ എഎംഎംഎയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24നു ചേരും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നല്‍കിയ കത്തും നടന്‍ ദിലീപിന്റെ രാജിയും അന്നു ചര്‍ച്ച ചെയ്യുമെന്നാണു സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.എല്ലാവര്‍ക്കും പറയാനുള്ളതു പറയട്ടെ, ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്നു ശനിയാഴ്ചത്തെ ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തെ സൂചിപ്പിച്ച് ഇടവേള ബാബു പറഞ്ഞു.
വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജനറല്‍ ബോഡിയാണ് ഡബ്ല്യുസിസിയുടെ കടുത്ത വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ചേരുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയെ അധിക്ഷേപിച്ച് സംസാരിച്ചതിനു വിശദീകരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചതെന്നും ബാബുരാജ് പറഞ്ഞു. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തുനില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരെയും സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ, മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് ഡബ്ല്യുസിസി അംഗങ്ങള്‍ സംസാരിക്കുന്നതെന്നും ബാബുരാജ് ആരോപിച്ചു. ഇത്തരം തെറ്റായ വ്യാഖ്യനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശ്യങ്ങളാവാമെന്നും ബാബുരാജ് പറഞ്ഞു.

RELATED STORIES

Share it
Top