അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിപറിച്ച് ഓടിയയാളെ പിടികൂടി

പത്തനാപുരം: അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ ബലമായി പിടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി.ഇന്നലെ രാവിലെ 11 ഓടെ പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ്-രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവ് രമ്യയുടെ ഒക്കത്ത് നിന്നും വൃദ്ധന്‍ തട്ടിയെടുത്ത് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടിരുന്നു.ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് കടന്നു കളഞ്ഞ പ്രതിപാറശാല സ്വദേശി ദാസി (65) നെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു.സംഭവം നടന്നതിന് സമീപത്തായി അങ്കണവാടിയും പ്രവൃത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു.ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പോലിസ് സംശയിക്കുന്നുണ്ട്. പ്രതിയെ പോലിസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം പിറവന്തൂര്‍ അലിമുക്കില്‍ നിന്ന് കുട്ടികളെ കടത്തുന്ന സംഘമെന്ന് സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചിരുന്നു.പത്തനാപുരത്ത് ചില വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിന് പിന്നാലെ ഈ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

RELATED STORIES

Share it
Top