അമ്മയും മക്കളും ആണ്‍കോയ്മയും

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പുറത്താക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാന്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ തീരുമാനിച്ചു. ഈ തീരുമാനം സിനിമാരംഗത്തെ പെണ്‍കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെ ചൊടിപ്പിച്ചത് സ്വാഭാവികമാണ്. ദിലീപിനെ തിരിച്ചുകൊണ്ടുവരണമെന്നു തീരുമാനിക്കാന്‍ ഇപ്പോള്‍ പുതുതായി എന്തുണ്ടായി എന്ന ഡബ്ല്യൂസിസിയുടെ ചോദ്യം തികച്ചും ന്യായം. ചലച്ചിത്രരംഗത്തു നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നടപടിയാണ് അമ്മ കൈക്കൊണ്ടത്. സ്ത്രീ വെറുമൊരു ലൈംഗികവസ്തു മാത്രമാണെന്ന് മലയാള ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാരെല്ലാവരും ചേര്‍ന്ന് ആലോചിച്ചുറപ്പിച്ചിരിക്കുന്നു. അതിക്രൂരമായ ബലാല്‍ക്കാരത്തിനു വിധേയയായ നടിയുടെ, അല്ലെങ്കില്‍ ഒരു പാവം സ്ത്രീയുടെ അന്തസ്സല്ല, തങ്ങളിലൊരാളുടെ പുരുഷാധിപത്യ പ്രമാണിത്തമാണ് നമ്മുടെ താരസഭയ്ക്കു പ്രധാനം. ഇവരാണല്ലോ തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ എന്നാലോചിക്കുമ്പോഴാണ് മലയാളത്തിലെ സിനിമാ പ്രേക്ഷകര്‍ക്ക് ആത്മപുച്ഛം തോന്നേണ്ടത്.
ദിലീപിന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളിലൊന്നും തന്നെ ഒഴിവാക്കപ്പെട്ടിട്ടില്ല. കേസ് വിചാരണ അവസാനിച്ചിട്ടില്ല. ബലാല്‍ക്കാരത്തിനു വിധേയയായ നടി പരാതി പിന്‍വലിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ കൂട്ടത്തിലൊരാളെ ക്രൂരമായി അപമാനിച്ച വ്യക്തിയെ വീണ്ടും സംഘടനയിലേക്ക് കൊണ്ടുവരാന്‍ അമ്മയെ പ്രേരിപ്പിച്ച ഘടകമെന്താണ്? അത് അന്വേഷിച്ചുപോവുമ്പോഴാണ് നേരത്തേ ദിലീപിനെ പുറത്താക്കിയതുതന്നെ മനസ്സില്ലാമനസ്സോടെയാണെന്ന് വ്യക്തമാവുക. ദിലീപിനെതിരായുള്ള ആരോപണങ്ങള്‍ അമ്മയുടെ യോഗത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ മച്ചിലേക്കു നോക്കിയും കൈയിലുള്ള കടലാസില്‍ കുത്തിവരച്ചും സമയം പോക്കിയവരാണല്ലോ നമ്മുടെ താരരാജാക്കന്‍മാര്‍. ജനവികാരം ദിലീപിനെതിരാണെന്നു കണ്ടതുകൊണ്ട് മാത്രമാണ് അന്ന് അമ്മ പുറത്താക്കല്‍ നടപടിയിലേക്കു തിരിഞ്ഞത്. ഇപ്പോള്‍ വീണുകിട്ടിയ സാങ്കേതികത്വം ദിലീപിനെ അകത്തേക്ക് കൊണ്ടുവരാന്‍ സംഘടനയ്ക്കു നിമിത്തമായി. ഏതു കുറ്റത്തിനും മാപ്പുകൊടുക്കുന്ന ഹൃദയമാണ് അമ്മയുടേത് എന്നാവാം ഇതിനു പറയുന്ന ന്യായം. ഏതായാലും മലയാള ചലച്ചിത്ര കലാകാരന്മാരുടെ അളിഞ്ഞ് നാറ്റംവമിക്കുന്ന മനസ്സാണ് ഈ നടപടിയിലൂടെ വ്യക്തമായതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അമ്മയുടെ തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ സിനിമാരംഗത്ത് പെണ്‍കൂട്ടായ്മയ്ക്കു പുറത്ത് ആരുമുണ്ടായില്ല എന്നതാണ് സങ്കടകരം. ധീരമായ ചലച്ചിത്ര പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും മിണ്ടാട്ടമില്ല. ഫേസ്ബുക്കിലും മറ്റും കയറി അതിനിശിതമായ പരിഹാസങ്ങളുയര്‍ത്തുന്ന താരങ്ങളുണ്ട്. ആളെ നന്നാക്കാന്‍ പാടുപെടുന്ന ഇവരില്‍ മിക്കവര്‍ക്കും മൗനമാണ്. നമ്മുടെ കലാകാരന്മാര്‍ക്ക് പെണ്ണെന്നു പറഞ്ഞാല്‍ ആണിന് അധികാരം സ്ഥാപിക്കാനും കൈയേറ്റം നടത്താനുമുള്ള ശരീരം മാത്രമാണോ? ആണ്‍കോയ്മയുടെ ആള്‍രൂപങ്ങളോ കലാകാരന്മാര്‍? ആലോചിക്കുക തന്നെ വേണം.

RELATED STORIES

Share it
Top