അമ്മമാരോട് സ്‌നേഹം പങ്കിടാന്‍ മഞ്ജുവാര്യര്‍ എത്തി

ഹരിപ്പാട്: അമ്മമാരോട് സ്‌നേഹം പങ്കിടാന്‍ പ്രിയനടി മഞ്ജുവാര്യര്‍ ഹരിപ്പാട് ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍  എത്തി. അമ്മമാരുടെ ഒരുപാട് നാളത്തെ ആഗ്രഹമാണ് മഞ്ജുവാര്യര്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സാധിച്ചു കൊടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഈ നിമിഷങ്ങളെ കാണുന്നതെന്നും ഇവിടെ വരാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നുവെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
ചടങ്ങില്‍ പുന്നപ്ര നന്മയുടെ ‘സ്വന്തം’ എന്ന പദ്ധതിയുടെ ഉത്ഘാടനവും മഞ്ജുവാര്യര്‍ നിര്‍വഹിച്ചു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പിറന്നാള്‍ ആഘോഷിക്കുന്ന പദ്ധതിയുടെ ഭാഗമായി  സ്‌നേഹവീട് കുടുംബാംഗം കൊച്ചുമോന്റെ പിറന്നാള്‍ ആഘോഷിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. തൊഴില്‍ പരിശീലനങ്ങളുടെ ഭാഗമായി അമ്മമാര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ പ്രകാശനവും നിര്‍വഹിച്ചു. ഔഷധസസ്യ ഉദ്യാനം ജില്ലാ കൃഷി ഓഫിസര്‍ ജയന്‍ ഉദ്ഘാടനം ചെയ്തു.
നൃത്തം ചെയ്ത് ലഭിക്കുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിക്കുന്ന ചിപ്പി , കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത അര്‍ച്ചന, ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അജു മിത്രജ്യോതി, നിലമ്പൂര്‍ അമല്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം സെക്രട്ടറി മുബഷിര്‍, അബ്ബാ മോഹനന്‍ എന്നിവരെ ആദരിച്ചു. ഡോ. രാഖി രാജ്, അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top