അമ്പലവയല്‍ ടൗണില്‍ ടോയ്‌ലറ്റ് സൗകര്യം അപര്യാപ്തമെന്ന് പരാതി

അമ്പലവയല്‍: ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് പണം കൊടുത്താല്‍ പോലും പൊതു ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ലെന്ന് ആക്ഷേപം. പഞ്ചായത്ത് ബസ്സ്റ്റാന്റിലുള്ള ഗ്രാമപ്പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്‌റ്റേഷന്‍ (പൊതു ടോയ്‌ലറ്റ്) പണം കൊടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, അത് വൈകീട്ട് അഞ്ചോടെ പൂട്ടും. അഞ്ചിന് ശേഷം ടൗണിലെത്തുന്നവര്‍ക്ക് ടോയ്‌ലറ്റിനായി ഹോട്ടലുകള്‍ തേടിപ്പോകണം. അവിടെയും കസ്റ്റമേഴ്‌സിനു മാത്രമേ സൗകര്യം ലഭിക്കൂ. രാത്രി ഒമ്പതുവരെ സാധാരണ നിലയില്‍ ബസ്സ്റ്റാന്റില്‍ യാത്രക്കാരുണ്ടാവും. ഗ്രാമപ്പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച വിമെന്‍ കോംപ്ലക്‌സ് എന്ന ടോയ്‌ലറ്റ് സംവിധാനം വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബസ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിച്ചവയാണെങ്കിലും അത് പൂട്ടിക്കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരമില്ല. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി കൂടി ആരംഭിച്ചതോടെ രാത്രി കാലത്തും ബസ്സ്റ്റാന്റില്‍ യാത്രക്കാരുണ്ടാവും. അതിരാവിലെയും വൈകീട്ടും ടൗണിലെത്തുന്ന ജനങ്ങള്‍ നേരിടുന്ന ഈ വിഷമം പരിഹരിക്കാന്‍ ഗ്രാമപ്പഞ്ചായത്തധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായി.

RELATED STORIES

Share it
Top