അമ്പലപ്പുഴ പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

അമ്പലപ്പുഴ: അംഗബലം ഇല്ലാത്തതുമൂലം അമ്പലപ്പുഴ പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതലുള്ള അംഗബലമാണ് ഇപ്പോഴും ഇവിടുള്ളത്. പ്രിന്‍സിപ്പള്‍ എസ്‌ഐയെ കൂടാതെ മൂന്നുഅഡീഷണല്‍ എസ്‌ഐമാരും നാലുവനിതാ പോലിസുമടക്കം ആകെ 36 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. ഇതില്‍ ഒരു പോലിസുകാരന്‍ പ്രതിപക്ഷ നേതാവിന്റെ ഗണ്‍മാനായി ജോലി ചെയ്തു വരികയാണ്. മറ്റു ചിലര്‍ നാര്‍ക്കോട്ടിക്ക് സെല്ലിലും പ്രവര്‍ത്തിക്കുന്നു. ശേഷിക്കുന്നവരെ കൊണ്ടാണ് സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനം നടക്കുന്നത്.ദേശീയ പാതയില്‍ 18 കി.മി ദൂരത്തിലാണ് അമ്പലപ്പുഴ പോലിസ് ക്രമസമാധാന പാലനം നടത്തേണ്ടത്. കിഴക്ക് തകഴി, കുന്നുമ്മ, മുക്കട, കഞ്ഞിപ്പാടം എന്നിവിടങ്ങളിലും വടക്ക് വണ്ടാനം വരെയും തെക്ക് തോട്ടപ്പള്ളി, പല്ലന, കൊട്ടാരവളവ് വരെയുള്ള പ്രദേശങ്ങളില്‍ അമ്പലപ്പുഴ പോലിസ് ഓടിയെത്തണം. രണ്ടുജീപ്പുകളുണ്ടെങ്കിലും ഒരു ഡ്രൈവര്‍ തസ്തിക മാത്രമാണ് സ്റ്റേഷനിലേക്ക് അനുവദിച്ചിരിക്കുന്നത്.ദേശീയ പാതയിലടക്കം നിരത്തുകളില്‍ വാഹനാപകടങ്ങളോ ആക്രമണമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ പലപ്പോഴും സംഭവസ്ഥലത്ത് ഓടിയെത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതു കൂടാതെ ദേശീയ പാതയിലൂടെ പോകുന്ന മന്ത്രിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കും മറ്റ് വിഐപികള്‍ക്കുമൊക്കെ അകമ്പടി സേവിക്കാനും അമ്പലപ്പുഴ പോലീസ് സമയം കണ്ടെത്തണം. ഇതിനൊപ്പം ഗതാഗത നിയന്ത്രണത്തിനും ഉല്‍സവ ആഘോഷങ്ങള്‍ക്കും അടക്കം പ്രത്യേക ഡ്യൂട്ടിക്കുമൊക്കെ പോകുകയും വേണം.പ്രതിമാസം 500 ലധികം കേസുകളാണ് അമ്പലപ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.ഈ കേസുകള്‍ അന്വേഷിക്കാനും നിലവില്‍ പരിമിതമായ സൗകര്യം മാത്രമാണുള്ളത്.ഇവ കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മാസം പെറ്റിക്കേസെടുത്ത് ഖജനാവില്‍ പണം നിറക്കാനും പോലിസ് സമയം കണ്ടെത്തണം. സ്‌റ്റേഷനിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മൂന്നുവര്‍ഷം മുമ്പ് ജില്ലാ പോലിസ് ഓഫിസ് മുഖേന അയച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ധനകാര്യ വകുപ്പ് ഇതിന് അംഗീകാരം നല്‍കാതെ മടക്കുകയായിരുന്നു. രണ്ടുതവണയായി ജി സുധാകരന്‍ അമ്പലപ്പുഴയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തിയെങ്കിലും അമ്പലപ്പുഴ പോലിസ് സ്റ്റേഷനിലെ പരാതീനതകള്‍ മാറ്റാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്യാംപില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചെങ്കിലും സ്റ്റേഷന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top