അമ്പലപ്പുഴ- എടത്വ റോഡ് നിര്‍മാണം ഇടതു സര്‍ക്കാരിന്റെ കാലത്ത് നടത്തില്ല ; കരാറുകാര്‍ക്കെതിരേ ആക്ഷേപവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ആലപ്പുഴ: കരാറുകാര്‍ക്കെതിരേ ആക്ഷേപവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ ടാക്‌സ് കണ്‍സല്‍ട്ടന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ പല റോഡ് നിര്‍മാണങ്ങള്‍ക്കും തടസ്സം നില്‍ക്കുകയാണ്. കരാറുകാരുടെ പൊള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. ആധുനിക യന്ത്ര സംവിധാനങ്ങളുമായി നടത്തുന്ന റോഡ് നിര്‍മാണം ചില കരാറുകാര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അമ്പലപ്പുഴ- എടത്വ റോഡ് നിര്‍മാണത്തിനെതിരേ ചില കരാറുകാര്‍ ചേര്‍ന്ന് സ്‌റ്റേ സമ്പാദിച്ചിരിക്കുകയാണ്. ഈ റോഡ് ഇടതു സര്‍ക്കാരിന്റെ കാലത്ത് നിര്‍മിക്കില്ല. കരാറുകാരുടെ ഇടപെടല്‍ ജനങ്ങള്‍ അറിയട്ടെയെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള റോഡ് നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം നിരുല്‍സാഹപ്പെടുത്തുകയാണ്. പൊതുജന നന്മയ്ക്ക് വേണ്ടിയാണ് റോഡ് നിര്‍മിക്കുന്നത്. ഇത് മനസ്സിലാക്കാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ പ്രഫഷനലിസം വേണ്ടെന്നാണ് ചിലരുടെ അഭിപ്രായം. പ്രഫഷനലിസമില്ലെങ്കില്‍ അഴിമതി വര്‍ധിക്കും. റോഡ് ഏറെക്കാലം ഈടു നില്‍ക്കുന്നതിനും പ്രഫഷനിലസം അത്യാവശ്യമാണ്. അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ പുരം ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top