അമ്പലപ്പാറ പോലിസ് സ്റ്റേഷന്‍: തീരുമാനം ഫയലുകളിലുറങ്ങുന്നു

പത്തിരിപ്പാല: സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയുണ്ടായിട്ടും അമ്പലപ്പാറയിലെ പോലിസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം കടലാസിലൊതുങ്ങുന്നു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയെയും പാലക്കാട്-കോങ്ങാട് സംസ്ഥാനപാത—യും സംഗമിക്കുന്ന അമ്പലപ്പാറയില്‍ പോലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
കേസുകളുടെ ആധിക്യവും സേനാംഗങ്ങളുടെ പരിമിതിയും വിസ്തൃതമായ അധികാര പരിധിയും കൊണ്ട് നിലവില്‍ ഒറ്റപ്പാലം പോലിസ് സ്റ്റേഷന്‍ വീര്‍പ്പുമുട്ടുകയാണ്. അതുകൊണ്ടു തന്നെ അമ്പലപ്പാറ പോലീസ് സ്റ്റേഷന്റെ ആവശ്യകതയേറെയാണ്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെ കാലത്താണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കയ നിര്‍ദേശത്തില്‍ സമര്‍പ്പിച്ച സാധ്യതാ റിപോര്‍ട്ടും സുരക്ഷാ നിര്‍ദേശങ്ങളും കണക്കിലെടുത്ത് അമ്പലപ്പാറയില്‍ പോലിസ് സ്റ്റേഷന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഒറ്റപ്പാലം പോലിസ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളെ സമീപ സ്റ്റേഷനുകളിലേക്ക് മാറ്റാനുള്ള ആലോചനക്കു പിറകെയാണ് അമ്പലപ്പാറ പോലീസ് സ്റ്റേഷനെന്ന ആശയമുണ്ടാകുന്നത്. എന്നാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വാടക കെട്ടിടം ലഭ്യമല്ലെന്നത് തുടക്കത്തില്‍ തന്നെ തടസ്സമായി. മേഖലയില്‍ നിരവധി രാഷ്ട്രീയാതിക്രമങ്ങളും സംഘട്ടനങ്ങളും കൊലപാതകങ്ങളും മോഷണ പരമ്പരകളും ക്രിമിനല്‍ കേസുകളുമൊക്കെ വര്‍ധിച്ച സാഹചര്യത്തിലാണ് അമ്പലപ്പാറയിലെ പോലിസ് സ്റ്റേഷന്റെ ആവശ്യത്തിന് പ്രസക്തിയേറുന്നത്. ദിനംപ്രതി നൂറോളം കേസ് രജിസ്റ്റര്‍ ചെയ്യുന്ന ഒറ്റപ്പാലം പോലിസ് സ്റ്റേഷന് അമ്പലപ്പാറെ സ്റ്റേഷന്‍ കൂടി വരുന്നതോടെ പ്രവര്‍ത്തനം സുഗമമാകും.
വിസ്തൃതിയുടെ കാര്യത്തില്‍ ജില്ലയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന അമ്പലപ്പാറ പഞ്ചായത്തിന്റെ ക്രമസമാധാനമാകട്ടെ സമീപ പോലിസ് സ്റ്റേഷനാണെന്നത് ഏറെ പരിതാപകരമാണ്. ഉത്സവകാലമാരംഭിച്ചാല്‍ ഒറ്റപ്പാലം പോലിസ് സ്റ്റേഷന് പ്രവര്‍ത്തന ഭാരം കൂടും.

RELATED STORIES

Share it
Top