അമ്പലക്കടവ്- മണ്ണഞ്ചേരി കിഴക്കെ ജുമാമസ്ജിദ് റോഡില്‍ പഞ്ചായത്ത് പൈപ്പിടല്‍ പുരോഗമിക്കുന്നുമണ്ണഞ്ചേരി: സര്‍വകക്ഷി യോഗ തീരുമാനപ്രകാരം മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അമ്പലക്കടവില്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ച നാലര ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇതോടെ അനധികൃത റോഡ് നിര്‍മാണമെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിയായ എല്‍ഡിഎഫിന്റെയും പ്രതിപക്ഷത്തെ ഒന്നാംകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടുനിന്ന പ്രശ്‌നത്തിന് പരിസമാപ്തിയായി. നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു അമ്പലക്കടവ് മുതല്‍ മണ്ണഞ്ചേരി കിഴക്കേ പള്ളി വരെ വാര്‍ഡ് മെംബര്‍ ഹസീന ബഷീറിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ മുന്‍കൈയെടുത്താണ് ഇവിടെ റോഡ് നിര്‍മിച്ചത്. എന്നാല്‍ നീരൊഴുക്കുള്ള തോട് മൂടിയാണ് റോഡ് നിര്‍മിച്ചതെന്നാരോപിച്ചു ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കുപ്പേഴം ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ മയ്യിത്ത് കൊണ്ടുപോവുന്നതിനും പ്രാര്‍ഥനക്കുമായി ഗതാഗതയോഗ്യമല്ലാത്ത വഴികളിലൂടെയാണ് കിഴക്കേ പള്ളിയില്‍ എത്തിയിരുന്നത്. ഈ പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യത്തിന് മാറിമാറി വന്ന യുഡിഎഫ്- എല്‍ഡിഎഫ്, ബിജെപി കക്ഷികള്‍ നടപടി സ്വീകരിച്ചിരുന്നില്ല. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഇവിടെ റോഡ് നിര്‍മിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. തോട് മൂടിയാണ് റോഡ് നിര്‍മിച്ചെന്നാരോപിച്ചു വില്ലേജ്- താലൂക്ക് അധികൃതര്‍ക്കും പോലിസിനും പഞ്ചായത്ത് അധികാരികള്‍ പരാതി നല്‍കിയിരുന്നു. അതനുസരിച്ചു അധികൃതര്‍ സ്ഥലത്തെത്തുകയും വിഷയം നേരിട്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തില്‍ നിന്നു പിന്മാറുകയില്ലെന്ന് എസ്ഡിപിഐയും ഇതിനെതിരേ പഞ്ചായത്തും രംഗത്തുവന്നതോടെ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ അരങ്ങേറി.
പ്രശ്‌നത്തിനു പരിഹാരം കാണാതെ വന്നതോടെ നാട്ടുകാരെ ഉള്‍പ്പെടുത്തി പിന്നീട് പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചു പൈപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഇന്നലെ രാവിലെ റോഡ് പൊളിച്ചു പൈപ്പു സ്ഥാപിക്കുന്നത് കാണാന്‍ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷ സാധ്യത ഉണ്ടായേക്കാമെന്ന പഞ്ചായത്തിന്റെ ആവശ്യം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്റെ നിര്‍ദേശ പ്രകാരം വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
മാരാരിക്കുളം സിഐ ഉമേഷ്‌കുമാര്‍, മുഹമ്മ എസ്‌ഐ അജയ്‌മോഹന്‍, മണ്ണഞ്ചേരി എസ്‌ഐ രാജന്‍ ബാബു, മാരാരിക്കുളം എസ്‌ഐ ബിജു, അര്‍ത്തുങ്കല്‍ എസ്‌ഐ ശിവപ്രസാദ്, ആലപ്പുഴ നോര്‍ത്ത് വനിതാ സിഐ ശ്രീദേവി, എസ്പിയുടെ കീഴിലുള്ള സ്‌പെക്ടര്‍ ഫോഴ്‌സ് എന്നിവരടക്കമുള്ള പോലിസ് സന്നാഹമാണ് ക്യാംപ് ചെയ്തത്. പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റവന്യൂ വില്ലേജ് അധികാരികളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തോട് നിലനിന്ന സ്ഥാനത്ത് ഇറക്കിയ ഗ്രാവല്‍ ഇന്നലെ രാവിലെ മുതല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു നീക്കിയശേഷമാണ് ജോലികള്‍ ആരംഭിച്ചത്.
ഇന്നലെ വൈകീട്ട് അവസാനിപ്പിച്ച ജോലികള്‍ ഇന്നു രാവിലെ എട്ടിന് പുനരാരംഭിക്കാനാണ് വില്ലേജ് അധികാരികളുടെ നിര്‍ദേശം. അതേസമയം റോഡ് നിര്‍മാണത്തിനെതിരേ രംഗത്തുവന്ന പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ പൈപ്പ് സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൈപ്പ് സ്ഥാപിക്കുന്നത് കഴിഞ്ഞുള്ള ഭാഗത്തെ തോട് സ്വകാര്യ വ്യക്തികള്‍ നികത്തിയതിനാല്‍ വെള്ളം ഒഴുകിവരാന്‍ ഇടയില്ലെന്നും അവര്‍ പറയുന്നു.

RELATED STORIES

Share it
Top