അമ്പലക്കടവ്- കിഴക്കേപ്പള്ളി റോഡ് തര്‍ക്കത്തിന് പരിഹാരം : ജനകീയ സമരത്തിന് മുന്നില്‍ മണ്ണഞ്ചേരി പഞ്ചായത്ത് മുട്ടുമടക്കി



മണ്ണഞ്ചേരി: റോഡ് പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്ന മണ്ണഞ്ചേരി പഞ്ചായത്ത് ഭരണ സമിതി ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കി. എന്ത് എതിര്‍പ്പുകള്‍ നേരിട്ടാലും റോഡ് നിര്‍മാണത്തില്‍ നിന്നു പിന്‍മാറുകയില്ലയെന്ന നിലപാടില്‍ ഉറച്ചുനിന്ന എസ്ഡിപിഐ നേട്ടം കണ്ടു. ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ ആഴ്ചയാണ് അമ്പലക്കടവ് മുതല്‍ കിഴക്കേപ്പള്ളി അരക്കിലോമീറ്റര്‍ ദൂരത്തില്‍ എസ്ഡിപിഐ മുന്‍കൈയെടുത്ത് റോഡ് നിര്‍മിച്ചത്. വാര്‍ഡ് മെംബര്‍ ഹസീന ബഷീര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നല്‍കിയ ശേഷമായിരുന്നു റോഡ് പണിതത്. എന്നാല്‍ തോട് മൂടിയാണ് റോഡ് നിര്‍മിച്ചെന്ന് ആരോപിച്ചു എല്‍ഡിഎഫും യൂഡിഎഫും രംഗത്ത് വന്നത് എറെ ഒച്ചപ്പാടുകള്‍ക്കും വാഗ് വാദങ്ങള്‍ക്കും വഴിവച്ചിരുന്നു. റോഡ് പൊളിച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ അധികാരികള്‍ക്ക് മുമ്പില്‍ ഉറച്ച നിലപാടെടുത്ത എസ്ഡിപിഐക്ക് പിന്നില്‍ ജനങ്ങളും അണിനിരന്നതോടെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ പറ്റാതെ ഭരണനേതൃത്വം പിന്‍മാറുകയായിരുന്നു. പല തവണ സര്‍വകക്ഷി യോഗവും സമ്മേളനവും വിളിച്ചു ചേര്‍ത്തെങ്കിലും റോഡ് പൊളിച്ച്മാറ്റാനുള്ള തീരുമാനം ജനങ്ങള്‍ അംഗീകരിച്ചില്ല. മൂന്നാം വാര്‍ഡിലെ കുപ്പേഴം ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് മയ്യിത്ത് പള്ളിയില്‍ കൊണ്ട് പോവുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് അവര്‍ അധികാരികള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തി. റോഡ് പൊളിക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരേ എസ്ഡി പിഐയുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലെ കൂടിയ സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് മുന്‍ തീരുമാനം മാറ്റി. പകരം റോഡ് നിലനിര്‍ത്താനും തോട് നിലനിന്ന ഭാഗത്ത് പഞ്ചായത്ത് ചെലവില്‍ പൈപ്പ് സ്ഥാപിക്കാനും തീരുമാനിച്ചു.ഇതോടെ ഒരാഴ്ച നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായി. റോഡിന് വേണ്ടി ശബ്ദമുയര്‍ത്തിയ എസ്ഡിപിഐയെയും വാര്‍ഡ് മെംബര്‍ ഹസീനബഷീറിനെയും നാട്ടുകാര്‍ അഭിനന്ദിച്ചു. പതിറ്റാണ്ടുകളായി നില നിന്നിരുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് മുന്‍കൈയെടുത്ത വാര്‍ഡ് മെംബര്‍ക്കും വികസന സമിതിക്കും ഒപ്പം നിന്ന നാട്ടുകാര്‍ക്കും എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ റിയാസ്, സെക്രട്ടറി പി എ സുലൈമാന്‍ കുഞ്ഞ് എന്നിവര്‍ നന്ദി അറിയിച്ചു. വരുന്ന ചൊവ്വാഴ്ച തോട് നിന്നിരുന്ന സ്ഥലത്ത് പൈപ്പ് സ്ഥാപിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വ കക്ഷി യോഗത്തിന്റെ തീരുമാനം. യോഗത്തില്‍ സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top