അമേരിക്കയ്ക്ക് ചൈനയുടെ തിരിച്ചടി

അമേരിക്കയില്‍ നിന്നു ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന 128 തരം സാധനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു കമ്പോളയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന് ചൈന അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ചൈനയുടെ നേരെ കടുത്ത വ്യാപാര നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ കടന്നാക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ചൈന നല്‍കിയിരിക്കുന്നത്.
ലോകം സംഘര്‍ഷങ്ങള്‍ കൊണ്ട് കലുഷിതമായ അവസരത്തില്‍ പ്രമുഖ സാമ്പത്തികശക്തികളായ അമേരിക്കയും ചൈനയും വാണിജ്യമേഖലയില്‍ നേര്‍ക്കുനേര്‍ എതിരിടുന്നത് ആശാസ്യമായ കാര്യമല്ല. സാമ്പത്തിക മേഖലയിലെ തമ്മിലടി സൈനികമായ കടന്നാക്രമണങ്ങളായി മാറുന്ന അനുഭവം ലോകത്തിന്റെ ഓര്‍മയിലുണ്ട്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും കമ്പോളങ്ങളെ സംബന്ധിച്ച ലോകശക്തികളുടെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നത്. ഇന്ന് ലോകം പരസ്പരം എതിരിടുന്ന രണ്ടു മേഖലകളായി തിരിഞ്ഞ് കൊമ്പുകോര്‍ക്കുന്നത് അത്തരത്തിലുള്ള ഭീഷണമായ ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുന്നതാണ്.
ട്രംപിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നു വ്യക്തമാണ്. രണ്ടാഴ്ച മുമ്പാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിനങ്ങള്‍ക്ക് അമേരിക്ക വന്‍ ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അലൂമിനിയം, ഉരുക്ക് തുടങ്ങി വാണിജ്യാവശ്യത്തിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കൂടിയ ചുങ്കം നിരക്ക് ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. മൊത്തം 6000 കോടി ഡോളറിന്റെ ചൈനീസ് കയറ്റുമതിക്ക് അമേരിക്കയുടെ നികുതികള്‍ ബാധകമാവുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ചൈനീസ് അധികൃതര്‍ അമേരിക്കയോട് ആവശ്യപ്പെട്ടത്. വ്യാപാരയുദ്ധം രണ്ടു രാജ്യങ്ങള്‍ക്കും നേട്ടമല്ല, വന്‍ കോട്ടമാണ് ഉണ്ടാക്കുകയെന്നും ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പക്ഷേ, അത്തരം ന്യായവാദങ്ങള്‍ കേള്‍ക്കാനോ അംഗീകരിക്കാനോ തയ്യാറുള്ള ഒരു ഭരണാധികാരിയല്ല ഇപ്പോള്‍ വൈറ്റ്ഹൗസില്‍ വാഴുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം തന്റെ തീവ്ര വലതുപക്ഷ അനുയായികളുടെ കൈയടി കിട്ടുന്ന ഏതു പ്രഖ്യാപനവും സ്വീകാര്യമാണ്. ചൈനയെ ശത്രുവായി കണ്ട് കടന്നാക്രമിക്കുകയെന്നത് തീവ്ര നിലപാടുകാരുടെ ഒരു ആഗ്രഹമാണ്.
പക്ഷേ, അതിന്റെ തിരിച്ചടി വരുമ്പോള്‍ ആഘാതം അനുഭവിക്കേണ്ടിവരുന്നത് കര്‍ഷകരും ചെറുകിട ഉല്‍പാദകരും ഉപഭോക്താക്കളും ആയിരിക്കും. അലൂമിനിയത്തിന്റെയും ഉരുക്കിന്റെയും ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം അത് ഉപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കും. നിരവധി വ്യവസായങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ചൈന ഇപ്പോള്‍ പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം അമേരിക്കയില്‍ നിന്നുള്ള നിരവധി കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ തിരിച്ചടി നേരിടാന്‍ ഇടയാക്കും.
ചൈനയുടെ പ്രതികരണം പക്ഷേ, ഇപ്പോഴും ഒരു താക്കീത് എന്ന തലത്തില്‍ മാത്രമാണ്. വേണ്ടിവന്നാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യത്തോടുള്ള അമേരിക്കയുടെ കൊമ്പുകോര്‍ക്കല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് തീര്‍ച്ചയാണ്.

RELATED STORIES

Share it
Top