അമീര്‍ കപ്പ് : പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശംദോഹ: ഇന്ന് അമീര്‍ കപ്പ് ഫൈനല്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ട്രാഫിക്, അല്‍ഫസ, സ്റ്റേഡിയം സെക്യൂരിറ്റി, ലഖ്‌വിയ തുടങ്ങിയ ആഭ്യന്തര മന്ത്രാലയം ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ളവര്‍ പൊതുജനങ്ങളുടെ സുരക്ഷക്കായി സ്റ്റേഡിയം പരിസരത്തുണ്ടാവും. മിഷന്‍സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ്‌സ് താഴെ പറയുന്ന നിര്‍ദേശങ്ങളാണ് പൊതുജനങ്ങള്‍ക്കായി മുന്നോട്ടു വച്ചത്. എന്‍ട്രി, എക്‌സിറ്റ് സമയങ്ങളില്‍ പ്രവേശന കവാടത്തില്‍ കൂടി നില്‍ക്കരുത്, സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുക, കായിക മൂല്യങ്ങള്‍ പാലിച്ചു കൊണ്ട് ടീമുകളെ പ്രോല്‍സാഹിപ്പിക്കുക, ആളുകള്‍ക്ക് തങ്ങളുടെ സീറ്റുകളിലേക്ക് സുഗമമായി എത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതിന് സ്റ്റേഡിയത്തിന് അകത്തുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക, അനുവദിക്കപ്പെട്ട സീറ്റുകളില്‍ ഇരിക്കുകയും എഴുന്നേറ്റ് നിന്ന് മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക, ഇടനാഴികളില്‍ ഇരുന്ന് മറ്റുള്ളവരുടെ യാത്രക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക, പടക്കങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, ഗ്ലാസ് ബോട്ടിലുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ഇരുമ്പ് ബോട്ടിലുകള്‍, വടി, പേപ്പര്‍ റോള്‍, ഗ്യാസ് ഹോണുകള്‍, മൃഗങ്ങള്‍ തുടങ്ങിയ നിരോധിക്കപ്പെട്ട വസ്തുക്കള്‍ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുവരാതിരിക്കുക, മോശമായ ഭാഷയില്‍ എഴുതിയിട്ടുള്ള ബാനറുകള്‍ കൈയില്‍ കരുതുകയോ പൊതു സദാചാരത്തിന് വിരുദ്ധമായ ചിത്രങ്ങളോ വാക്കുകളോ അടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യരുത്, കളിമൈതാനത്തേക്ക് പ്രവേശിക്കാതിരിക്കുക. ഹെല്‍മറ്റ്, സ്‌ട്രോളറുകള്‍, സോളാര്‍ കുടകള്‍, ആയുധങ്ങള്‍,  തുടങ്ങിയവയുമായി സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top