അമിത വേഗത; ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു

കയ്പമംഗലം: അശാസ്ത്രീയമായ റോഡ് നിര്‍മാണവും അമിത വേഗതയും മൂലം മതിലകം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാലപ്പെട്ടി മുതല്‍ കോതപറമ്പ് വരെയുള്ള ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകി. കഴിഞ്ഞവര്‍ഷം ഇവിടെ 205 വാഹനാപകടങ്ങള്‍ നടന്നു.
ഇതില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ നിരവധിയാണ്. പെരിഞ്ഞനം പഞ്ചായത്ത് വളവ്, എസ്എന്‍പുരം, കാളമുറി, പുന്നക്കബസാര്‍, കയ്പമംഗലം12, അഞ്ചാംപരുത്തി എന്നിവിടങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അമിത വേഗവും റോഡിന്റെ അശാസ്ത്രീയ നിര്‍മാണവുമാണ് അപകടങ്ങള്‍ക്ക് കാരണം. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ഉറങ്ങുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇന്നലെ രാവിലെ ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ നടന്നു പോവുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചതിന് കാരണം അമിത വേഗമാണ്.
ഇത്രയും അപകടങ്ങള്‍ നടന്നിട്ടും ദേശിയപാത അധികൃതര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥിരം അപകട മേഖലയായ വാസുദേവ വിലാസം വളവിലും, ആല, പെരിഞ്ഞനം തുടങ്ങിയ സ്ഥലങ്ങളിലും റിഫഌക്റ്റിംഗ് സ്റ്റഡുകള്‍, ബ്ലിങ്ങര്‍ ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെയും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ദേശിയപാതയെ അപകട മുക്തമാക്കാന്‍ ഒരുവര്‍ഷം മുമ്പ് മതിലകം പോലിസും ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയും വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല.

RELATED STORIES

Share it
Top